കൊച്ചി: നടി ആർ. സുബ്ബലക്ഷ്മി (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.കുട്ടിക്കാലം മുതൽ കലാരംഗത്ത് സജീവമായിരുന്നു. 1951 ൽ ഓൾ ഇന്ത്യ റേഡിയോയിൽ പ്രവർത്തനം ആരംഭിച്ചു. തെന്നിന്ത്യയിലെ ഓൾ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കമ്പോസറായിരുന്നു.രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് തുടക്കം. കല്യാണരാമൻ, തിളക്കം, പാണ്ടിപ്പട, സി.ഐ.ഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വൺ, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഒരുകാലത്ത് മുത്തശ്ശി വേഷങ്ങളിലേക്ക് സുബ്ബലക്ഷ്മിയല്ലാതെ മറ്റാരെയും സംവിധായകർ ചിന്തിച്ചിരുന്നില്ല എന്ന് വേണമെങ്കിൽ പറയാം. നന്ദനം ആയിരുന്നു സുബ്ബലക്ഷ്മിയുടെ ആദ്യ സിനിമ. കല്യാണ രാമനിലെ വേഷമാണ് സുബ്ബലക്ഷ്മിക്ക് വലിയ രീതിയിലുള്ള ജനപ്രീതി സമ്മാനിച്ചത്. പിന്നീട് തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട, തുടങ്ങി നിരവധി ചിത്രങ്ങളിലും മലയാളികളെ ചിരിപ്പിക്കാൻ സുബ്ബലക്ഷ്മി എത്തിയിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്