ബെംഗളൂരു: കന്നഡ ടെലിവിഷൻതാരം രശ്മി ലീല (37) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യയുടെ വിയോഗവർത്ത ഹൃദയസ്പർശിയായ ഒരു പോസ്റ്റിലൂടെ ഭർത്താവ് സറക്കി മഞ്ജു സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടു. പ്രാർത്ഥനകൾക്കും മികച്ച ചികിത്സയ്ക്കും രശ്മിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല എന്ന് മഞ്ജു വ്യക്തമാക്കി.ഏഴ് വർഷമായി റൂമറ്റോയിഡ് ആർത്രൈറ്റിസ് എന്ന രോഗത്തിന് ചികിത്സയിലായിരുന്നു രശ്മി. രോഗം മൂർച്ഛിച്ചതോടെ ശ്വാസകോശത്തെ ബാധിക്കുന്ന ‘പൾമണറി ഫൈബ്രോസിസ്’ എന്ന അതീവ ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ശ്വാസകോശ കോശങ്ങൾ നശിക്കുന്ന അവസ്ഥയാണിത്. കഴിഞ്ഞ ഒരു വർഷമായി ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെയായിരുന്നു അവർ ഓരോ ദിവസവും തള്ളിനീക്കിയിരുന്നത്.രശ്മിയുടെ ചികിത്സയ്ക്ക് വേണ്ടിവരുന്ന തുക കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായപ്പോൾ കന്നഡ സിനിമയിലേയും ടെലിവിഷൻ പരമ്പരയിലേയും സഹപ്രവർത്തകർ സഹായവുമായി എത്തിയിരുന്നു. ഏകദേശം 19 ലക്ഷം രൂപ ചെലവഴിച്ച് നടന്ന ശ്വാസകോശം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി താരം പുതിയൊരു ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ശാരീരിക അസ്വസ്ഥതകൾ മരണത്തിലേക്ക് നയിക്കുകയായിരുന്നു.കഴിഞ്ഞ ഒരു വർഷമായി ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെയാണ് താരം ഓരോ ദിവസവും തള്ളിനീക്കിയിരുന്നത്.താരത്തിന്റെ വിയോഗം കന്നഡ കലാലോകത്തെയും ആരാധകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. ഇവർക്ക് ഒരു മകളുണ്ട്. കന്നഡ സിനിമാ-സീരിയൽ രംഗത്തെ പ്രമുഖർ താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.