തന്റെ വിവാഹം കഴിഞ്ഞുവെന്ന് വെളിപ്പെടുത്തി നടി ലെന. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണ് വരൻ. ഈ വർഷം ജനുവരി 17-ന് താനും പ്രശാന്ത് ബാലകൃഷ്ണനും വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നെന്നും ലെന അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് താരം വിവരം പുറത്തുവിട്ടത്.
ലെന പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം:ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു.’’– ലെന കുറിച്ചു.
ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗൻയാൻ’ യാത്രികരാകാൻ പരിശീലനം നടത്തുന്ന നാലംഗ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചിരുന്നു. ദൗത്യ സംഘത്തിന്റെ തലവനാണ് പ്രശാന്ത് ബാലകൃഷ്‌ണൻ. ലെനയും ചടങ്ങിൽ പങ്കെടുത്തു. 2025ൽ ഭൂമിയിൽനിന്ന് 400 കിലോമീറ്റർ അകലെയുള്ള ബഹിരാകാശത്തെത്തി മൂന്നു ദിവസത്തിനു ശേഷം തിരികെ ഭൂമിയിൽ എത്തുന്നതാണ് ഗഗൻയാൻ ദൗത്യം.പാലക്കാട് നെന്മാറ പഴയ ഗ്രാമം സ്വദേശിയാണ് ഇന്ത്യൻ പ്രതിരോധ സേനയിൽ വിങ് കമാൻഡന്റ് ആയി ജോലിചെയ്യുന്ന പ്രശാന്ത് ബാലകൃഷ്ണൻ നായർ. ചിറ്റിലഞ്ചേരി വിളമ്പിൽ ബാലകൃഷ്ണൻ നായരുടെയും തിരുവഴിയാട് പൂളങ്ങാട്ട് പ്രമീളയുടെയും രണ്ടാമത്തെ മകനാണ്. നാലാം ക്ലാസുവരെ പ്രാഥമിക വിദ്യാഭ്യാസം അച്ഛന്റെ ജോലിസ്ഥലമായ കുവൈത്തിലും പിന്നീട് പ്ലസ് ടു വരെ പല്ലാവൂർ ചിന്മയ വിദ്യാലയത്തിലുമാണ് പഠിച്ചത്.
പാലക്കാട് അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരിക്കെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) ചേർന്നു. ഇവിടെ പരിശീലനം പൂർത്തിയാക്കി 1999 ജൂണിൽ വ്യോമസേനയുടെ ഭാഗമായി. യുഎസ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. 1998ൽ ഹൈദരാബാദ് വ്യോമസേനാ അക്കാദമിയിൽനിന്ന് ‘സ്വോർഡ് ഓഫ് ഓണർ’ സ്വന്തമാക്കിയിട്ടുണ്ട്.ഗഗന്‍യാൻ ദൗത്യത്തിന്റെ ഭാഗമായി റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കുറച്ചു വർഷമായി കഠിന പരിശീലനത്തിലായിരുന്നു. റഷ്യയിൽ 13 മാസവും മരുഭൂമി, കര, കടൽ, ആകാശം, മഞ്ഞ്, തുടങ്ങി വിവിധ സാഹചര്യങ്ങളിൽ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.
സാങ്കേതിക പഠന പരിശീലനത്തിനൊപ്പം കായിക, ശാരീരിക, യോഗ പരിശീലനവും പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ത്യൻ പ്രതിരോധ സേനയുടെയും ഐഎസ്ആർഒയുടെയും വിവിധ കേന്ദ്രങ്ങളിൽ പരിശീലനം തുടരുകയാണ്. ഇന്ത്യൻ വ്യോമസേനയിലെ സ്ക്വാഡ് ലീഡർ പദവിയിലാണ് ജോലി ചെയ്യുന്നത്. സുഖോയ് യുദ്ധവിമാനമടക്കം വിവിധ വിമാനങ്ങളിൽ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. സഹോദരങ്ങൾ: ജേഷ്ഠൻ പ്രദീപ് നായർ (യുഎസ്എ), അനുജൻ പ്രവീൺ നായർ (യുകെ) സഹോദരി പ്രതിഭ (തൃശൂർ).