കൊച്ചി: സിനിമ- സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു. 85 വയസ്സായിരുന്നു. തിരുവല്ലയിൽ വച്ചായിരുന്നു അന്ത്യം. ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ടാണ് ഗോപി സിനിമയിൽ ശ്രദ്ധേയനാകുന്നത്.
ശീലാബതി, അശ്വാരൂഡൻ, പകർന്നാട്ടം, കാളവർക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡൻ, തനിയെ, ആനന്ദഭൈരവി, ഉൽസാഹ കമ്മിറ്റി, ആലിഫ് എന്നിവയുൾപ്പെടെ ഏറെ മലയാള സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു. സിനിമകൾ കൂടാതെ സീരിയലുകളിലും നെടുമ്പ്രം ഗോപി അഭിനയിച്ചിട്ടുണ്ട്.
കമലമ്മ ആണ് നെടുമ്പ്രം ഗോപിയുടെ ഭാര്യ. റിട്ടയേർഡ് ഹെഡ് മിസ്ട്രസായിരുന്നു. സുനിൽ ജി നാഥ്, സുനിത, സുബിത എന്നീ മൂന്ന് മക്കളാണ്. നടന് അനുശോചനം അറിയിച്ചു കൊണ്ട് സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തുന്നുണ്ട്.
‘മകൾക്ക് , ദൈവനാമത്തിൽ , പകർന്നാട്ടം , അത്ഭുതം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച എന്റെ പ്രിയപ്പെട്ട നടൻ, നെടുമ്പറം ഗോപിചേട്ടന് വിട’, എന്നാണ് സംവിധായകൻ ജയരാജ് അനുശോചനം അറിയിച്ചു കൊണ്ട് കുറിച്ചത്.
2004 ഓഗസ്റ്റ് 27നായിരുന്നു മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ‘കാഴ്ച’ എന്ന ചിത്രം പുറത്തിറങ്ങിയത്. മലയാള സിനിമാ ലോകത്ത് ചലനം സൃഷ്ടിച്ച ചലച്ചിത്രം കൂടെയായിരുന്നു കാഴ്ച. ഗുജറാത്തിലുണ്ടായ ഭൂകമ്പത്തെത്തുടർന്ന് പവൻ എന്ന കുട്ടി കേരളത്തിലേക്കെത്തിപ്പെടുകയും മാധവനെന്ന സാധാരണക്കാരൻ അവനെ മകനെപ്പോലെ വളർത്തുകയും ചെയ്യുന്നു. അവരുടെ സ്നേഹവും, ഒരു പ്രത്യേക സാഹചര്യത്തിൽ അവനെ പിരിയേണ്ടി വരുമെന്നായപ്പോൾ അതൊഴിവാക്കാൻ മാധവൻ നടത്തുന്ന ശ്രമങ്ങളുമാണ് കാഴ്ചയുടെ പ്രമേയം. ചിത്രത്തിലെ നെടുമ്പ്രം ഗോപിയുടെ അച്ഛനായും മുത്തച്ഛനായുമുള്ള കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.