Home Featured കാവ്യാ മാധവന്‍ പ്രതിയാകില്ല: നടിയെ ആക്രമിച്ച കേസ് തുടരന്വേഷണം അവസാനിപ്പിക്കുന്നു

കാവ്യാ മാധവന്‍ പ്രതിയാകില്ല: നടിയെ ആക്രമിച്ച കേസ് തുടരന്വേഷണം അവസാനിപ്പിക്കുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്‍ പ്രതിയാകില്ല. അന്വേഷണ സംഘം കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കുന്നു. കാവ്യയ്‌ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഇതോടെ കാവ്യാ മാധവന്‍ സാക്ഷി സ്ഥാനത്ത് തന്നെ തുടരും.

മേയ് 31-ന് മുമ്പെ അന്വേഷണം പൂര്‍ത്തീകരിക്കേണ്ടത് കൊണ്ടും ഉന്നത സമ്മര്‍ദവുമാണ് ഇത്തരമൊരു നീക്കത്തില്‍ നിന്ന് ക്രൈംബ്രഞ്ചിന് പിന്നോട്ട് പോവേണ്ടി വന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ അഭിഭാഷകരെയടക്കം ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് ക്രൈംബ്രാഞ്ച് സംഘം പോയിരുന്നു. തെളിവ് നശിപ്പിച്ചതിനെതിരേയും, പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വിചാരണ കോടതി മാറ്റാനും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഇതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമേല്‍ വലിയ രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായതും ഇതിനെ മറികടന്ന് മുന്നോട്ട് പോവാന്‍ കഴിയാതെ വന്നതും. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ മാറ്റമടക്കം ഇതിന്റെ ഭാഗമായിരുന്നു.

മേയ് 31-ന് മുമ്പ് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേസ് അവസാനിപ്പിക്കുക എന്ന നിലപാടിലേക്കാണ് അന്വേഷണ സംഘമെത്തിയിരിക്കുന്നത്. തുടരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്ത് ശരത്തിനെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ദിലീപിന്റെ ഫോണിലെത്തിയ ദൃശ്യങ്ങള്‍ നശിപ്പിച്ചുകളഞ്ഞുവെന്നായിരുന്നു ശരത്തിനെതിരേയുള്ള കണ്ടെത്തല്‍. ഇയാള്‍ കേസില്‍ പ്രതിയായി തന്നെ തുടരും.



ഇക്കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അധിക കുറ്റപത്രം സമര്‍പ്പിച്ചായിരിക്കും മേയ് 31 ന് മുമ്പ് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തുടങ്ങിയത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തി എന്നായിരുന്നു കേസ്. തുടര്‍ന്ന് കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കി. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോവരുതെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഈ മാസം തന്നെ അന്വേഷണസംഘം അധിക കുറ്റപത്രം സമര്‍പ്പിച്ചേക്കും.

You may also like

error: Content is protected !!
Join Our WhatsApp Group