ബംഗളൂരു ലുലു മാളില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആള്‍ കോടതിയില്‍ കീഴടങ്ങി. ബെംഗളൂരു ദാസറഹള്ളി സ്വദേശിയും മുൻ പ്രധാന അധ്യാപകനുമായ അശ്വത് നാരായണ (60) ആണ് മൂന്നാം അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി മുൻപാകെ കീഴടങ്ങിയത്.ലുലു മാളില്‍ ഇയാള്‍ നിരവധി സ്ത്രീകള്‍ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയത് ദൃശ്യങ്ങള്‍ സഹിതം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സ്വമേധയ കേസെടുത്ത് ബെംഗളൂരു പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടയില്‍ ആണ് ശനിയാഴ്ച അശ്വത് നാരായണ കോടതിയില്‍ കീഴടങ്ങിയത്.
ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പ്രതി വീട് പൂട്ടി സ്ഥലം വിട്ടതായും ആളെ ആദ്യ ദിവസം തന്നെ തിരിച്ചറിഞ്ഞിരുന്നെന്നും മാഗധി പോലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച ലുലു മാള്‍ സന്ദര്‍ശിച്ച മറ്റൊരാളായിരുന്നു അശ്വത് നാരായണയുടെ കുറ്റകൃത്യം ക്യാമറയില്‍ പകര്‍ത്തിയത്. മനഃപൂര്‍വം ഇയാള്‍ സ്ത്രീകളുടെ ശരീരത്തില്‍ തട്ടുന്നതും ഉരസുന്നതും കണ്ടു സംശയം തോന്നിയായിരുന്നു ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ദൃശ്യങ്ങള്‍ സഹിതം ലുലു മാള്‍ മാനേജ്മെന്റിനു പരാതി നല്‍കി പ്രതിയെ അന്വേഷിച്ചു ഇറങ്ങിയപ്പോഴേക്കും അയാള്‍ രക്ഷപ്പെടുകയായിരുന്നു.
പിന്നീടായിരുന്നു മാള്‍ മാനേജ്മെന്റും ദൃശ്യങ്ങള്‍ ചിത്രീകരിച്ചയാളും പോലീസിനെ വിവരമറിയിച്ചത്.മാളിലെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ പോലീസിന് കുറ്റകൃത്യം നടന്നതായി ബോധ്യമാവുകയും പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങുകയും ചെയ്തു. തിങ്കളാഴ്ച തന്നെ പ്രതിയെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ലഭിച്ചെങ്കിലും പ്രതി ബെംഗളൂരു നഗരം വിട്ടതായി മനസിലായി. പോലീസ് വലവിരിച്ചു കാത്തിരിക്കുന്നതിനിടയിലായിരുന്നു അശ്വത് നാരായണ കോടതിയില്‍ കീഴടങ്ങിയത്. ഐപിസി സെക്ഷൻ 294, 354 എ 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് നാരായണിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്