ബെംഗളൂരു : ബെംഗളൂരു – മൈസൂരു പാതയിൽ അപകടമരണങ്ങൾ കുറഞ്ഞത് പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലവത്തായതായി സൂചിപ്പിക്കുന്നു. 2023 ജനുവരിക്കും ഓഗസ്റ്റിനുമിടയിൽ അപകടങ്ങളിൽ 147 പേർ മരിച്ചപ്പോൾ ഈവർഷം ഇതേ കാലയളവിൽ 50 മരണമാണ് സംഭവിച്ചത്. ഈവർഷം ജനുവരിയിൽ 12 മരണമുണ്ടായി. ഇതിനു ശേഷം ഓരോ മാസവും മരണസംഖ്യ കുറഞ്ഞു വരുകയാണ്. ഓഗസ്റ്റിൽ രണ്ടു മരണമാണുണ്ടായത്. പാതയിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ കാരണമാണ് അപകടങ്ങൾ കുറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി.
.
ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകൾ വഴി വാഹനങ്ങളുടെ വേഗം കണ്ടെത്തി പിഴയീടാക്കാനും കേസെടുക്കാനും തുടങ്ങിയതാണ് കൂടുതൽ ഫലം കണ്ടത്. ഓഗസ്റ്റിൽ 130 കിലോമീറ്ററിലധികം വേഗത്തിൽ പോയതിന് 410 കേസുകളും തെറ്റായ ദിശയിൽ വാഹനമോടിച്ചതിന് 51 കേസുകളും രജിസ്റ്റർ ചെയ്തു. ഇതിൽ ഒട്ടേറെ മലയാളികളുമുണ്ട്. അതിവേഗത്തിന് 1.2 ലക്ഷം പേരെയാണ് പിടികൂടിയത്. 130 കിലോമീറ്ററിലധികം വേഗത്തിൽ പോയാലും അശ്രദ്ധമായി വാഹനമോടിച്ചാലും കേസെടുക്കുന്നുണ്ടെന്നും ലൈസൻസ് പിടിച്ചെടുക്കുന്നുണ്ടെന്നും ട്രാഫിക് എ.ഡി.ജി.പി. അലോക് കുമാർ പറഞ്ഞു.
പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നിയമലംഘകർക്ക് ഫോൺ കോളും ലഭിക്കും. ഈ രീതി ഏർപ്പെടുത്തിയത് ഒട്ടേറെ ഗുണം ചെയ്തതായും അദ്ദേഹം പറഞ്ഞു. അതേസമയം, പാതയിൽ ഒട്ടേറെ വെല്ലുവിളികൾ ഇപ്പോഴും നിലനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പാതയിൽ പലയിടങ്ങളിലും പ്രവേശന കവാടങ്ങളുള്ളതിനാൽ ഇരുചക്രവാഹനങ്ങൾ അശ്രദ്ധമായി പ്രവേശിക്കുന്നത് വെല്ലുവിളിയാണ്. കാൽനടയാത്രക്കാർ പാത മുറിച്ചു കടന്നുപോകുന്നതും അപകടഭീഷണിയാണ്.
ഈ പ്രശ്നം ഒഴിവാക്കാൻ വാഹനങ്ങൾക്കായി അടിപ്പാതയും മേൽനടപ്പാലവും നിർമിക്കാൻ ദേശീയ പാതാ അധികൃതരോട് അപേക്ഷിച്ചിട്ടുണ്ടെന്നും അലോക് കുമാർ അറിയിച്ചു.പാതയിൽ 100 കിലോമീറ്ററാണ് അനുവദനീയ വേഗപരിധി. 100 മുതൽ 130 കിലോമീറ്റർ വരെ വേഗം വന്നാൽ പിഴയീടാക്കും. 1,000 രൂപയാണ് പിഴ. 130 കിലോമീറ്ററിനുമുകളിൽ പോയാൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യും. ഏതു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങളാണെങ്കിലും വേഗപരിധി ലംഘിച്ചാൽ കേസെടുക്കും.അതിവേഗക്കാരെ പിടികൂടാൻ പാതയുടെ വിവിധ ഭാഗങ്ങളിലായി 60 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
മലയാളി യുവാവും യുവതിയും ചെന്നൈയില്‍ ട്രെയിൻ ഇടിച്ചു മരിച്ചു.
മലയാളി യുവാവും യുവതിയും ചെന്നൈയില്‍ ട്രെയിൻ ഇടിച്ചു മരിച്ചു. പെരിന്തല്‍മണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതില്‍ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം അമ്ബലക്കോത്ത് തറോല്‍ ടി.ഐശ്വര്യ (28) എന്നിവരാണു മരിച്ചത്.ചൊവ്വാഴ്ച രാത്രി ഗുഡുവാഞ്ചേരി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.ജോലി തേടിയാണ് ഷെരീഫും ഐശ്വര്യയും ചെന്നൈയിലെത്തിയത്. ഇവരെ സ്വീകരിക്കാൻ സുഹൃത്ത് മുഹമ്മദ് റഫീഖ് എത്തിയിരുന്നു.മൂവരും കൂടി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഷെരീഫിനെയും ഐശ്വര്യയെയും ട്രെയിൻ ഇടിക്കുകയായിരുന്നു.
ആദ്യം ട്രാക്ക് മുറിച്ചു കടന്നതിനാല്‍ മുഹമ്മദ് റഫീഖ് രക്ഷപ്പെട്ടു. ഷെരീഫ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഐശ്വര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഐശ്വര്യയുടെ സംസ്കാരം ഇന്ന് രാവിലെ 10ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തില്‍. പിതാവ്: ടി.മോഹൻദാസ് (ജനറല്‍ സെക്രട്ടറി, മാങ്കാവ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി). മാതാവ്. റാണി (മെഡിക്കല്‍ കോളജ് എച്ച്‌ഡിഎസ് ലാബ് ടെക്നിഷ്യൻ). മുഹമ്മദ് ഷെരീഫിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. പിതാവ് ചെന്നൈ സുആദ് ട്രാവല്‍സ് ഉടമ കിഴക്കേതില്‍ സുബൈർ ഹാജി. മാതാവ് കദീജ.