Home Featured ബെംഗളൂരു: നഗരത്തിൽ വാഹനാപകടങ്ങൾ കൂടുന്നു; രണ്ടുമാസത്തിനിടെ 174 അപകടമരണം

ബെംഗളൂരു: നഗരത്തിൽ വാഹനാപകടങ്ങൾ കൂടുന്നു; രണ്ടുമാസത്തിനിടെ 174 അപകടമരണം

ബെംഗളൂരു: വാഹനങ്ങളുടെ എണ്ണം കൂടുന്നതിനൊപ്പം ബെംഗളൂരുവിലെ വാഹനാപകടങ്ങളും വർധിക്കുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നഗരത്തിലുണ്ടായത് 174 അപകടമരണങ്ങളാണ്. അതിവേഗതയും ഗതാഗതനിയമങ്ങൾ പാലിക്കാത്തതുമാണ് അപകടങ്ങളുണ്ടാകുന്നതിന്റെ പ്രധാനകാരണമെന്ന് ട്രാഫിക് പോലീസ് പറഞ്ഞു. അപകടങ്ങളിൽ മരിച്ചവരിൽ മലയാളികളും ഉൾപ്പെടും. ഫെബ്രുവരി 19-നാണ് കൊല്ലം സ്വദേശികളായ ആൽബി ജി. ജേക്കബ്, എസ്. വിഷ്ണുകുമാർ എന്നിവർ ബെംഗളൂരുവിലെ ബൊമ്മനഹള്ളിക്കുസമീപം ബൈക്കപകടത്തിൽ മരിച്ചത്.

ട്രാഫിക് പോലീസിന്റെ കണക്കനുസരിച്ച് ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള പാതയിലാണ് ഏറ്റവുംകൂടുതൽ അപകടങ്ങളുണ്ടാകുന്നത്. തൊട്ടുപിന്നാലെ കെങ്കേരി- നൈസ് റോഡ് പാതയാണ്. ഭൂരിഭാഗവും ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതെന്നും ട്രാഫിക് പോലീസ് പറയുന്നു. വാഹനമിടിച്ച് മരിക്കുന്ന കാൽനടയാത്രക്കാരുടെ എണ്ണവും വർധിക്കുന്നു. കഴിഞ്ഞവർഷത്തെ കണക്കനുസരിച്ച് അപകടത്തിൽപ്പെടുന്ന കാൽനടയാത്രക്കാരിൽ 60 ശതമാനവും അറുപതുവയസ്സിന് മുകളിലുള്ളവരാണ്.

ബെംഗളൂരുവിൽ വാഹനങ്ങളുടെ അനുപാതം 1000 പേർക്ക് 827 വാഹനങ്ങൾ എന്നതോതിലാണ്. അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് ബോധവത്കരണപ്രവർത്തനങ്ങൾ ട്രാഫിക് പോലീസ് ശക്തമാക്കിയിരുന്നെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്നാണ് ഈ വർഷത്തെ ആദ്യ രണ്ടുമാസങ്ങളിലെ അപകടമരണനിരക്ക് വ്യക്തമാക്കുന്നത്.വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് റോഡ് സൗകര്യം വർധിക്കാത്തതും പ്രതിസന്ധിയാണ്. ഗതാഗതക്കുരുക്കിലകപ്പെടുന്ന വാഹനങ്ങൾ ഈ സമയനഷ്ടം പരിഹരിക്കാൻ പിന്നീട് അതിവേഗതയിൽ കുതിച്ചുപായുന്ന പ്രവണത വലിയ അപകടങ്ങൾക്കിടയാക്കുന്നതായാണ് വിലയിരുത്തൽ.

അതേസമയം, വരും ദിവസങ്ങളിൽ റോഡുകളിൽ കർശനപരിശോധന നടത്തി നിയമലംഘകർക്കെതിരേ നടപടിയെടുക്കാൻ നിർദേശം നൽകിെയന്ന് ജോയിന്റ് ട്രാഫിക് പോലീസ് കമ്മിഷണർ എം.എൻ. അനുചേത് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group