Home Featured ‘ഓസ്കാർ അടി : വിൽ സ്മിത്തിന് പത്ത് വർഷം വിലക്ക്

‘ഓസ്കാർ അടി : വിൽ സ്മിത്തിന് പത്ത് വർഷം വിലക്ക്

ലോസ് ഏഞ്ചൽസ് : ഓസ്കാർ വേദിയിൽ അവതാരകൻ ക്രിസ് റോക്കിനെ മുഖത്തടിച്ച സംഭവത്തിൽ ഹോളിവുഡ് നടൻ വിൽ സ്മിത്തിനെതിരെ നടപടിയുമായി അക്കാഡമി. ഓസ്കർ ചടങ്ങുകളിൽ നിന്ന് വിൽ സ്മിത്തിനെ പത്ത് വർഷത്തേക്ക് വിലക്കിയതായി സംഘാടകരായ അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്സ് അറിയിച്ചു.

ഓസ്കറിൽ നിന്നും അക്കാഡമിയുടെ മുഴുവൻ പരിപാടികളിൽ നിന്നുമാണ് വിലക്ക്. ഇന്നലെ നടന്ന അക്കാഡമി ഗവർണർമാരുടെ യോഗത്തിലാണ് തീരുമാനം. വിൽ ചെയ്തത് ദോഷകരമായ പെരുമാറ്റമാണെന്ന് അക്കാഡമി വിലയിരുത്തി. അക്കാഡമിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നെന്നും നടപടി അംഗീകരിക്കുന്നുവെന്നും സ്മിത്ത് പ്രതികരിച്ചു.

മാർച്ച് 27ന് നടന്ന 94-ാമത് ഓസ്കാർ നിശയിലായിരുന്നു അപ്രതീക്ഷിത സംഭവങ്ങൾ. തല മൊട്ടയടിച്ച ഭാര്യ ജെയ്ദ പിങ്കറ്റിനെ അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്ക് കളിയാക്കിയതാണ് വിൽ സ്മിത്തിനെ ചൊടിപ്പിച്ചത്. തലയിൽ മുടിയില്ലാത്ത ജയ്ദ ജി.എ ജെയ്ൻ എന്ന സിനിമയിലെ നായികാ വേഷത്തിന് ചേരും എന്നായിരുന്നു ക്രിസ് റോക്കിന്റെ പരാമർശം.

ഇത് കേട്ട് ക്ഷുഭിതനായ വിൽ സ്മിത്ത് സ്റ്റേജിൽ കയറി ക്രിസിന്റെ മുഖത്തടിക്കുകയായിരുന്നു. എന്റെ ഭാര്യയുടെ പേര് നിന്റെ നാവ് കൊണ്ട് പറഞ്ഞുപോകരുതെന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു. ക്രിസിന്റെ പരാമർശം കേട്ട് സ്മിത്ത് ആദ്യം ചിരിക്കുന്നുണ്ടെങ്കിലും ജെയ്ദയുടെ മുഖം മാറിയതിന് പിന്നാലെയായിരുന്നു സ്മിത്തിന്റെ പ്രവൃത്തി.സംഭവത്തിന് ശേഷം വിൽ സ്മിത്ത് അക്കാഡമിയോട് മാപ്പ് പറഞ്ഞിരുന്നു.

എന്നാൽ നടന്റെ പ്രവൃത്തി അതിര് കടന്നെന്നും ലോകമെങ്ങും കാണുന്ന ഒരു പ്രധാനപ്പെട്ട വേദിയെ അപമാനിച്ചുവെന്നും വിലയിരുത്തി അക്കാഡമി സ്മിത്തിനെതിരെ നടപടിയെടുക്കണമെന്ന തീരുമാനത്തിൽ മുന്നോട്ട് പോവുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group