ബെംഗളൂരു | ബെംഗളൂരു സഫോടനക്കേസിൽ സുപ്രീം കോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തിൽ കഴിയുന്ന പി ഡി പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി രോഗാവസ്ഥ മൂർച്ഛിച്ചതിനെ തുടർന്ന് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സുപ്രീം കോടതിയെ ഉടൻ സമീപിക്കും. വിചാരണ നടക്കുന്ന പ്രത്യേക കോടതിയിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമർപ്പിച്ചിരിക്കുന്ന ഹരജി പിൻവലിച്ചാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്.കഴിഞ്ഞ മൂന്നാഴ്ചക്ക് മുമ്പ് പക്ഷാഘാതലക്ഷണങ്ങൾ കൊണ്ടുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മഅ്ദനിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തുടർന്ന്, എം ആർ ഐ സ്കാൻ ഉൾപ്പെടെയുള്ള വിവിധ പരിശോധനകൾക്ക് വിധേയമാക്കിയിരിന്നു. പരിശോധനകളിൽ ഹൃദയത്തിൽ നിന്ന് തലച്ചോറിലേക്ക് പോകുന്ന പ്രധാന ഞരമ്പുകളിൽ (ഇന്റേണൽ കരോട്ടിട് ആർട്ടറി) രക്തയോട്ടം വളരെ കുറഞ്ഞ രീതിയിലാണെന്നും അതിനാലാണ് ഇടവിട്ട് കൈകൾക്ക് തളർച്ച, സംസാരശേഷിക്ക് കുറവ് തുടങ്ങിയ പക്ഷാഘാത ലക്ഷണങ്ങൾ ഉണ്ടാകുന്നതെന്നും അത് പരിഹരിക്കാൻ ഉടൻ സർജറി വേണമെന്നും നിർദേശിച്ചിരുന്നു.
തുടർന്ന്, കേരളത്തിലെ വിവിധ ആശുപത്രികളിലെയും ബെംഗളൂരുവിലെ സൗഖ്യ ഹോസ്പിറ്റൽ, നാരായണ ഹൃദയാലയ തുടങ്ങിയ ആശുപത്രികളിലെയും വിദഗ്ധഡോക്ടർമാരുടെ നിർദേശങ്ങൾ തേടുകയും ചെയ്തിരിന്നു. ഡോക്ടർമാർ മഅ്ദനിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്ന്അഭിപ്രായപ്പെട്ടെങ്കിലും കിഡ്നിയുടെ പ്രവർത്തനക്ഷമത (ക്രിയാറ്റിന്റെ അളവ് കൂടിയ സ്ഥിതി) വളരെ കുറഞ്ഞസാഹചര്യത്തിൽ ശസ്ത്രക്രിയക്ക് വിധേയമാക്കൽ അതീവ സങ്കീർണമായിരിക്കും എന്നതിനാൽ അതിന് തയ്യാറായിരുന്നില്ല.
സർജറിക്കും അതിന് മുമ്പുള്ള പരിശോധനകൾക്കും വേണ്ടി നൽകുന്ന ഡൈ ഇൻജക്ഷനുകൾ ഇപ്പോൾ തന്നെ പ്രവർത്തനക്ഷമത കുറവായ കിഡ്നിയുടെ പ്രവർത്തനം നിശ്ചലമാകുമെന്ന സാഹചര്യംഎന്ന ഭീതി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കമാരംഭിച്ചത്.നിലവിൽ ബെംഗളൂരു സ്ഫോടനക്കേസ് വിചാരണ നടത്തുന്ന പ്രത്യേക കോടതിയിൽ സമർപ്പിച്ച ഹരജി പിൻവലിക്കുമെന്നും തുടർന്ന് അടുത്ത ദിവസം തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്നും പി ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.
ദീർഘകാലങ്ങളായി ഉയർന്ന അളവിൽ തുടരുന്ന പ്രമേഹവും രക്തസമ്മർദ്ദവും മഅ്ദനിയുടെ കിഡ്നിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ക്രിയാറ്റിന്റെ അളവ് വളരെ ഉയർന്ന് തന്നെ തുടരുന്ന സാഹചര്യത്തിൽ ദിവസത്തിലെ മുഴുവൻ സമയവും ശരീരത്തിൽ ശക്തമായ തണുപ്പ് അനുഭവപ്പെടുന്നുണ്ട്.കണ്ണിന്റെ കാഴ്ച കുറയുകയും ശരീരംകൂടുതൽ ദുർബലമാകുകയും ചെയ്യുന്നു.
ഒമ്പത് മാസങ്ങൾക്ക് മുമ്പ് മഅ്ദനിയെ പക്ഷാഘാതവും മറ്റ് അനുബന്ധ അസുഖങ്ങളെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സകൾക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. അന്ന് പക്ഷാഘാതം ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നില്ലെങ്കിലും ദീർഘ നാളായി നിരവധി രോഗങ്ങൾക്ക് ചികിത്സയിലുള്ള മഅ്ദനിയുടെ ആരോഗ്യത്തെ അത് സാരമായി ബാധിച്ചുവെന്ന് ഡോക്ടർമാർ കണ്ടെത്തിയിരുന്നു.ഡയബറ്റിക് ന്യൂറോപ്പതി മൂലം ശരീരത്തിലെ ഞരമ്പുകൾക്ക് സംഭവിച്ച ബലക്ഷയം നിമിത്തം ഡോക്ടർമാരുടെ നിർദേശപ്രകരമുള്ള ചികിത്സകൾ വേണ്ടവണ്ണം ഫലപ്രദമാകാത്ത അവസ്ഥയും തുടരുന്നുണ്ട്.