Home Featured ‘ആടുജീവിതം’ റിലീസ് തീയതി പ്രഖ്യാപിച്ചു

‘ആടുജീവിതം’ റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രെക്ഷകര്‍ ഏറെ നാളായി കാത്തിരുന്ന പൃഥ്വിരാജ്- ബ്ളസി ചിത്രം ആടുജീവിതത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ഏപ്രില്‍ പത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ് തീയതി പൃഥിരാജ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ്. ‘അതിജീവനത്തിന്റെ ഏറ്റവും വലിയ സാഹസികത. അവിശ്വസനീയമായ ഒരു യഥാര്‍ത്ഥ കഥ. അസാധാരണമായ കാഴ്‌ചയ്ക്ക് സാക്ഷ്യം വഹിക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് പൃഥിരാജ് റിലീസ് വീഡിയോ പങ്കുവച്ചത്.കഴിഞ്ഞ ഏപ്രിലില്‍ ചിത്രത്തിന്റെ ചില ദൃശ്യങ്ങള്‍ ചോര്‍ന്നിരുന്നു. മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ചോര്‍ന്നത്. തുടര്‍ന്ന് പൃഥ്വിരാജ് തന്നെ തന്റെ പ്രൊഡക്ഷന്‍ കമ്ബനി അക്കൗണ്ടിലൂടെ ആടുജീവിതത്തിന്റെ ട്രെയിലര്‍ പുറത്തുവിടുകയും ചെയ്‍തിരുന്നു.

ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിനു വേണ്ടി വന്നത്.കൊവിഡിലും ചിത്രീകരണം നടന്ന ലോകത്തിലെ ഏക സിനിമ എന്ന പ്രത്യേകതയുമുണ്ട്. അമല പോള്‍ ആണ് നായിക.

ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, കെ.ആര്‍.ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.എ.ആര്‍. റഹ്മാൻ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. റസൂല്‍ പൂക്കുട്ടി ശബ്ദരൂപകല്‍പ്പനയും ചെയ്തിരിക്കുന്നു. കെ.എസ്. സുനില്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. പ്രശാന്ത് മാധവ് ആണ് കലാ സംവിധാനം. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം മാജിക് ഫ്രെയിംസ് ആണ് വിതരണം ചെയ്യുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group