ബെംഗളൂരു∙ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പുതിയൊരു റോഡ് കൂടി യാഥാർഥ്യമാകുന്നു. ഐടി മേഖലയായ മഹാദേവപുരയേയും കെംപെഗൗഡ വിമാനത്താവളത്തേയും ബന്ധിപ്പിച്ചുള്ള സമാന്തര റോഡിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. കാടുബീസനഹള്ളിയിൽ നിന്ന് ബലഗരെ, കാടുഗോഡി, കാട്ടമാലൂരു, ബുദ്ദിഗരെ, ചിക്കഹൊസഹള്ളി വഴി 22 കി.മീറോഡ് വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലുമായി ബന്ധിപ്പിക്കും.
മുൻപുണ്ടായിരുന്ന ഒറ്റവരി റോഡാണ് 4 വരിയാക്കിയത്. 2018ൽ റോഡ് വികസനത്തിന് അനുമതി ലഭിച്ചെങ്കിലും സ്ഥലമേറ്റെടുപ്പ് വൈകിയത് നിർമാണ പ്രവൃത്തികളെ സാരമായി ബാധിച്ചു. വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന ബെള്ളാരി ദേശീയപാതയുടെ തിരക്ക് കുറയ്ക്കാൻ 2 വർഷം മുൻപ് ഹെന്നൂർ–ബാഗലൂർ സമാന്തര പാതയും തുറന്നിരുന്നു. ഇലക്ട്രോണിക് സിറ്റി, സർജാപുര, മേഖലകളിലുള്ളവർക്കും ഔട്ടർറിങ് റോഡ് വഴി കാടുബീസനഹള്ളിയിലെത്തി പുതിയ റോഡിലൂടെ വിമാനത്താവളത്തിലെത്താം.