കൊച്ചി: അയലത്തെ കോഴി മുട്ടയിട്ടോട്ടെ… പക്ഷെ കൂവണ്ട; അയല്‍വാസിയുടെ പരാതിയാണ് ഇപ്പോള്‍ കളമശ്ശേരി നഗരസഭയില്‍ ചര്‍ച്ചാ വിഷയം.നഗരസഭയില്‍ നിന്നു നല്‍കിയ മുട്ടക്കോഴികളെ വളര്‍ത്തുന്ന വീട്ടുകാര്‍ക്കെതിരെ അയല്‍വാസി നല്‍കിയ പരാതിയാണ് നഗരസഭയില്‍ ചര്‍ച്ചയായത്. റോക്ക്‌വെല്‍ റോഡിനു സമീപത്താണ് സംഭവം. വാര്‍ഡ് സഭ അംഗീകരിച്ച് 20 കോഴികളാണ് വീട്ടമ്മയ്ക്ക് നല്‍കിയത്. ഇവയില്‍ ഇപ്പോള്‍ 15 കോഴികളേയുള്ളു. അയല്‍വാസി പറയുന്നത് വീട്ടമ്മ കോഴി ഫാം നടത്തുകയാണെന്നാണ്.
പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കോഴികളെ വളര്‍ത്തുന്ന ഷെഡ്ഡില്‍ നിന്നു ദുര്‍ഗന്ധമോ ശബ്ദമലിനീകരണമോ അനുഭവപ്പെടുന്നില്ലെന്ന് വ്യക്തമായി. എന്നാല്‍ അയല്‍വാസി വിടാനുള്ള ഭാവമില്ല. ഉദ്യോഗസ്ഥരുടെ ഫോണില്‍ വിളിച്ചു വീണ്ടും പരാതിപ്പെട്ടും വീട്ടുകാരുടെ ഫോണിലേക്കു സന്ദേശങ്ങള്‍ അയച്ചുമാണ് അയല്‍വാസിയുടെ കോഴി വിരുദ്ധ പോരാട്ടം. കോഴികള്‍ കൂവുന്നത് അയല്‍വാസിയുടെ ഉറക്കം കെടുത്തുന്നു എന്നും ശല്യമാകുന്നു എന്നുമാണ് പരാതി.
സമയക്രമത്തെ ചൊല്ലി തര്‍ക്കം; കോഴിക്കോട് ബസ് ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്
കോഴിക്കോട് നഗരത്തില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. കോഴിക്കോട് സിറ്റി സ്റ്റാന്‍ഡില്‍ ഇന്നു രാവിലെ ഏഴു മണിയോടെയാണ് സംഭവം നടന്നത്. ഒരേ റൂട്ടിലോടുന്ന രണ്ടു ബസുകളിലെ ജീവനക്കാര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സമയക്രമവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ ബസ് ജീവനക്കാരന്‍ ഡ്രൈവറുടെ മുഖത്ത് അടിച്ചതാണ് കയ്യാങ്കളിയുടെ തുടക്കം. പത്ത് മിനിട്ടോളം സ്ഥലത്ത് സംഘര്‍ഷം നീണ്ടുനിന്നു. ബസ് നിര്‍ത്തിയിട്ട് ജീവനക്കാര്‍ റോഡിലിറങ്ങി തല്ലുകയായിരുന്നു. ഇരുകൂട്ടര്‍ക്കും കാര്യമായ രീതിയില്‍ മര്‍ദ്ദനമേറ്റിട്ടുണ്ട്. ഒടുവില്‍ യാത്രക്കാര്‍ ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വാഹനപരിശോധനയുടെ പേരില്‍ ഭാര്യയോട് SI മോശമായി പെരുമാറിയെന്ന് DIGയുടെ പരാതി
വാഹനപരിശോധനയുടെ പേരില്‍ ഭാര്യയോട് എസ്‌ഐ മോശമായി പെരുമാറിയെന്ന് ഡിഐജിയുടെ പരാതി. പൊലീസ് ആസ്ഥാനത്തെ ഡിഐജി എംകെ വിനോദാണ് പരാതി നല്‍കിയിരിക്കുന്നത്. ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനിലെ എസ്‌ഐ മനോജിനെതിരെയാണ് പരാതി. ഭാര്യ ഹസീന ഡിഐജിയുടെ രോഗബാധിതനായ മാതാവിന് മരുന്നു വാങ്ങാന്‍ പോയപ്പോഴാണ് സംഭവം. ഗുരുപുരം ജംഗ്ഷനില്‍വെച്ച് വാഹനപരിശോധനയ്ക്കിടെ രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാഹനത്തില്‍ രേഖകള്‍ ഇല്ലായിരുന്നു. ഭര്‍ത്താവ് പൊലീസ് ആസ്ഥാനത്തെ ഡിഐജിയാണെന്നും അദ്ദേഹം വന്നിട്ട് രേഖകള്‍ സ്റ്റേഷനില്‍ ഹാജരാക്കാമെന്നും ഹസീന എസ്‌ഐയോട് പറഞ്ഞു. എന്നാല്‍ എസ്‌ഐ ഇത് ചെവിക്കൊണ്ടില്ല. ഹസീന തന്നെ നേരിട്ട് ഹാജരാക്കണമെന്ന് പറഞ്ഞ് എസ്‌ഐ തട്ടിക്കയറി എന്നും സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ മോശമായി പെരുമാറിയെന്നുമാണ് പരാതി. ഭര്‍ത്താവിന് സംസാരിക്കാന്‍ ഫോണ്‍ നല്‍കാമെന്ന് പറഞ്ഞപ്പോള്‍ ആരോടും സംസാരിക്കാനില്ലെന്നയിരുന്നു എസ്‌ഐയുടെ മറുപടി.
ഇത്തരം ഉദ്യോഗസ്ഥര്‍ ആരോടും ബഹുമാനമില്ലാതെ പെരുമാറുന്നത് വകുപ്പിനും സര്‍ക്കാരിനും അപമാനകരമാണ്. ഉദ്യോഗസ്ഥനെതിരെ മാതൃകപരാമായ നടപടിയെടുക്കണമെന്നും ഡിഐജി പരാതിയില്‍ ആവശ്യപ്പെടുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി സ്പെഷല്‍ ബ്രാഞ്ചിന് നിര്‍ദേശം നല്‍കിയതായി ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് അറിയിച്ചു.