ബെംഗളൂരു: 12 വയസ്സുള്ള മകളുടെ ജീവന്‍ രക്ഷിക്കാന്‍ അമ്മയുടെ വൃക്ക ദാനം ചെയ്തു. അവസാന ഘട്ടത്തില്‍ വൃക്ക തകരാറിലാണെന്ന് കണ്ട പെണ്‍കുട്ടിക്ക് അപൂര്‍വമായ റോബോടിക് സഹായത്തോടെയുള്ള പീഡിയാട്രിക് കിഡ്നി ട്രാന്‍സ്പ്ലാന്റിലൂടെയാണ് പുതിയ ജീവിതം നല്‍കിയത്.
ബെലഗാവി ജില്ലയിലെ ഗോകാക് താലൂകിലെ ബസവനഗറില്‍ നിന്നുള്ള രേവതി സുനില്‍ മുരകിഭാവിയും സുനില്‍ മുരകിഭാവിയും തങ്ങളുടെ മകള്‍ കനികയുടെ ആരോഗ്യനില വഷളാകുന്നത് കണ്ടാണ് അവള്‍ക്ക് എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ ചെന്ന് ഡോക്ടര്‍മാരുമായി സംസാരിച്ചു.
പരിശോധനയില്‍ കനികയ്ക്ക് ല്യൂപസ് നെഫ്രൈറ്റിസ് (സ്വന്തം കോശങ്ങളെയും അവയവങ്ങളെയും ആക്രമിക്കുന്ന ഓടോആന്റിബോഡികള്‍ എന്ന പ്രോടിനുകള്‍ ഉത്പാദിപിക്കാന്‍ രോഗപ്രതിരോധ സംവിധാനത്തിന് കാരണമാകുന്ന ഒരു സ്വയം രോഗപ്രതിരോധ രോഗം) ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.
വൃക്ക മാറ്റിവയ്ക്കലാണ് ഇതിന് പരിഹാരമെന്ന് പറഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ കനികയുടെ ജീവന്‍ രക്ഷിക്കാന്‍ മാതാപിതാക്കള്‍ തങ്ങളുടെ വൃക്ക നല്‍കാന്‍ തയാറാണെന്ന് അറിയിക്കുകയായിരുന്നു.
പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം, രേവതിയുടെ വൃക്ക കനികയുമായി പൊരുത്തപ്പെടുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍, 38 കാരിയായ മാതാവ് അതിന് തയാറായി.
ബന്നാര്‍ഘട്ട റോഡിലെ ഫോര്‍ടിസ് ഹോസ്പിറ്റലിലാണ് പെണ്‍കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ഇത് സംസ്ഥാനത്തെ ആദ്യത്തെ പീഡിയാട്രിക് വൃക്ക മാറ്റിവയ്ക്കല്‍ ആണെന്ന് ആശുപത്രി അവകാശപ്പെട്ടു. കുട്ടിയും അമ്മയും സുഖം പ്രാപിച്ചുവരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.