ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പിറന്നാള്‍ ദിനത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും ചീറ്റപ്പുലികളെ കൊണ്ടുവരുന്ന വിമാനത്തിന് ‘കടുവയുടെ മുഖം’. വിമാനത്തിന്റെ മുന്‍ഭാഗത്ത് കടുവയുടെ ചിത്രം പെയിന്റ് ചെയ്തിരിക്കുകയാണ്. പ്രത്യേകം സജ്ജീകരിച്ച ബി747 ജംബോ ജെറ്റ് വിമാനമാണ് നമീബിയയില്‍ ഇറങ്ങിയത്.
‘കടുവകളുടെ നാട്ടിലേക്ക് ഗുഡ്വില് അംബാസഡര്‍മാരെ എത്തിക്കുന്ന പ്രത്യേക പക്ഷി ധീരന്മാരുടെ നാട്ടിലിറങ്ങി’. വിമാനത്തിന്റെ ചിത്രം പങ്കുവച്ച് നമീബയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് കുറിച്ചു.
നരേന്ദ്ര മോഡിയുടെ 72ാം ജന്മദിനമായ സെപ്തംബറ്റംബര് 17നാണ് ചീറ്റപ്പുലികള്‍ ഇന്ത്യയിലെത്തിക്കുക. ഇതിനായി ചീറ്റകളെ പാര്‍പ്പിക്കുന്ന മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിനുള്ളിലും പരിസരത്തുമായി ഏഴ് ഹെലിപ്പാഡുകള് പണിയുന്നുണ്ട്. ജന്മദിനത്തില് കുനോ ദേശീയോദ്യാനം മോഡി സന്ദര്‍ശിക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അറിയിച്ചു.
1952ല്‍ ആണ് ഇന്ത്യയില്‍ ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പിന്നീട് 2009ലാണ് ചീറ്റകളെ ആഫ്രിക്കയില്‍ നിന്ന് എത്തിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. ഈ വര്‍ഷം 25 ചീറ്റകളെ ഇന്ത്യയില്‍ എത്തിക്കാനാണ് ലക്ഷ്യം. അഞ്ച് വര്‍ഷം കൊണ്ട് 50 എണ്ണം കൊണ്ടുവരും. നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും ചീറ്റകളെ എത്തിക്കുന്നതിന് ആകെ 50.22 കോടി രൂപ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് നല്‍കും.