ബെംഗളൂരു : വിധാൻസൗധയുടെ മുഖ്യ കവാടത്തിന്റെ പടിക്കെട്ടിൽ(ഗ്രാൻഡ് സ്റ്റെപ്പ്) നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കം. ഡച്ച് ചിത്രമായ ‘പോർട്ട് ബാഗേജി’ന്റെ പ്രദർശനത്തോടെയാണ് ലോകസിനിമയുടെ മേളയ്ക്ക് തിരശ്ശീലയുയർന്നത്. ഡച്ച് സംവിധായകൻ അബ്ദുൽകരീം അൽ ഫാസി സംവിധാനം ചെയ്ത പുതിയ ചിത്രം കാണികൾ കൈയടിയോടെ വരവേറ്റു.പ്രമുഖ വയലിനിസ്റ്റും സംഗീതജ്ഞയുമായ ഡോ. ജ്യോത്സ്‌ന ശ്രീകാന്തിന്റെ നേതൃത്വത്തിൽ നടന്ന സംഗീതാവതരണം സാന്ദ്രമാക്കിയ സായാഹ്നത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ മേളയ്ക്ക് തിരിതെളിയിച്ചു. റിസ്വാൻ അർഷദ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. നിയമനിർമാണ കൗൺസിൽ അധ്യക്ഷൻ ബസവരാജ് ഹൊരട്ടി, മേളയുടെ അംബാസഡർ നടൻ പ്രകാശ് രാജ്, നടി രുക്മിണി വസന്ത്, കർണാടക ചലച്ചിത്ര അക്കാദമി ചെയർമാൻ സാധു കോകില, വി.ബി. കാവേരി തുടങ്ങിയവർ സംസാരിച്ചു.വെള്ളിയാഴ്ച രാവിലെ മുതൽ പ്രതിനിധികൾക്കും ജൂറി അംഗങ്ങൾക്കുമായി സിനിമകൾ പ്രദർശിപ്പിക്കും.
രാജാജിനഗറിലെ ലുലു മാൾ ആണ് മുഖ്യ വേദി. ഫെബ്രുവരി ആറു വരെ നടക്കുന്ന മേളയിൽ എഴുപതിലധികം രാജ്യങ്ങളിൽനിന്നുള്ള 225-ലധികം സിനിമകൾ പ്രദർശിപ്പിക്കും. ‘സ്ത്രീഎന്തരേഅഷ്ടേ സാകെ’(വിമൻ ആസ് ഷി ഈസ്) എന്നതാണ് ഈ വർഷത്തെ മേളയുടെ ആശയം. ഇതുപ്രകാരം സ്ത്രീപക്ഷത്തുനിന്നുള്ള 60-ഓളം സിനിമകൾ പ്രദർശനത്തിലുണ്ട്.വെള്ളിയാഴ്ച മൂന്ന് മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഉണ്ണി കെ.ആറിന്റെ ‘എ പ്രഗ്നന്റ് വിഡോ’ (സ്‌ക്രീൻ മൂന്നിൽ വൈകീട്ട് 5.20-ന്), ബോബൻ ഗോവിന്ദന്റെ മലവാഴി(സ്‌ക്രീൻ നാലിൽ മൂന്ന് മണിക്ക്), ജി. അരവിന്ദന്റെ ചിദംബരം(വി.ഐ.പി. സ്‌ക്രീൻ മൂന്നിൽ വൈകീട്ട് 7.50-ന്) എന്നിവയാണ് പ്രദർശനത്തിനെത്തുന്നത്.എ പ്രഗ്നന്റ് വിഡോയും മലവാഴിയും ഇന്ത്യൻ സിനിമാവിഭാഗത്തിൽ മത്സരത്തിനുണ്ട്. റിട്രോസ്പെക്ടീവ് (നടി സ്മിതാ പാട്ടീൽ അഭിനയിച്ച സിനിമകൾ) വിഭാഗത്തിലാണ് ചിദംബരം പ്രദർശിപ്പിക്കുന്നത്.