ബെംഗളൂരുവിലെ ഓഫീസില്‍ പോയുള്ള ജോലി തിരഞ്ഞെടുക്കണോ അതോ വര്‍ക്ക് ഫ്രം ഹോം രീതിയില്‍ തുടരണോയെന്ന ചോദ്യമാണ് 30കാരനായ ഒരു ടെക്കി ഓണ്‍ലൈന്‍ ഡിസ്കഷന് പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തത്.രണ്ട് രീതിയിലെയും ശമ്പളവ്യത്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമാക്കിയായിരുന്നു പോസ്റ്റ്. വന്‍ ചര്‍ച്ചയാണ് പോസ്റ്റിന് താഴെ നടന്നത്.നിലവില്‍ വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ പ്രതിവര്‍ഷം 26.5 ലക്ഷം രൂപ ശമ്പളത്തിലാണ് യുവാവ് ജോലി ചെയ്യുന്നത്. ബെംഗളൂരുവിലെ മികച്ച ഒരു കമ്പനിയില്‍ നിന്ന് 35 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ ഓഫര്‍ ലഭിക്കുകയായിരുന്നു. 8.5 ലക്ഷം രൂപയാണ് വര്‍ഷത്തില്‍ അധികമായി ലഭിക്കുക.
ആ തുകക്ക് വീട് വിട്ട് ബെംഗളൂരുവില്‍ പോയി താമസിക്കുന്നത് യുക്തിസഹമാണോയെന്നായിരുന്നു ചോദ്യം.’ഞാന്‍ രാജിക്കത്ത് നല്കിയാല് ഇപ്പോഴത്തെ കമ്പനി എന്റെ ശമ്പളം കൂട്ടാന്‍ സാധ്യതയുണ്ട്. പക്ഷേ, ഏകദേശം ഒന്നര വര്‍ഷം മുമ്പ് ഞാന്‍ ഇതിനകം ഒരു കൗണ്ടര്‍ ഓഫര്‍ സ്വീകരിച്ച് ഇവിടെ തന്നെ തുടരുകയായിരുന്നു. വീണ്ടും ഒരു ശമ്പള വര്‍ധന മാത്രം കാരണം ഇവിടെ തുടരാന്‍ എനിക്ക് താല്പര്യമില്ല.’ -യുവാവ് പറയുന്നു. നിലവില്‍ തന്നെ മാത്രം ആശ്രയിച്ച് കഴിയുന്നവരില്ലെന്നും പക്ഷേ, മാസം ചെലവുകളെല്ലാം കഴിഞ്ഞ് 20,000 മുതല്‍ 30,000 വരെ മാത്രമേ സേവിങ്സായി അവശേഷിക്കുന്നുള്ളൂവെന്നും ഇയാള്‍ പറുന്നു. പക്ഷേ, മാസം 40,000 രൂപയുടെ നിക്ഷേപം വേറെയുണ്ട്. 1.2 ലക്ഷം രൂപയുടെ ഇഎംഐയുണ്ട്. ബെംഗഗളൂരുവില് ജോലി ചെയ്താല്‍ 8.5 ലക്ഷം രൂപ അധികം ലഭിക്കും. പക്ഷേ, അവിടുത്തെ ജീവിതച്ചെലവ് പരിഗണിച്ച് ഈ തുക മതിയാകുമോ എന്നായിരുന്നു ചോദ്യം.വന്‍ ചര്‍ച്ചയാണ് പോസ്റ്റിന് താഴെ നടന്നത്. ബെംഗളൂരുവിലെ ജീവിതച്ചെലവും ട്രാഫിക് ബ്ലോക്കുകളും നാട്ടിലെ ജീവിതത്തിന്റെ മെച്ചവുമെല്ലാമാണ് പലരും ചൂണ്ടിക്കാട്ടിയത്. ’35 ലക്ഷത്തിന്റെ ജോലി കിട്ടിയെന്ന് നിങ്ങളുടെ ഇപ്പോഴത്തെ കമ്പനിയെ അറിയിക്കൂ.
എന്നിട്ട് ശമ്പളം 35 ലക്ഷത്തിലേക്ക് ഉയര്‍ത്താന്‍ നോക്കൂ. അത് നടക്കില്ലെങ്കില്‍ മാത്രം ബെംഗളൂരുവിലെ ജോലി പരിഗണിക്കൂ’ -ഇങ്ങനെയാണ് ഒരാളുടെ ഉപദേശം. ‘വീട്ടിലിരുന്ന് ജോലി ചെയ്ത് സമ്പാദിക്കൂ. ബെംഗളൂരുവിലെ ട്രാഫിക്കില്‍ കുടുങ്ങി ജീവിതം തീര്‍ക്കേണ്ട കാര്യമെന്താണ്’ എന്നാണ് വേറൊരാള് ചോദിക്കുന്നത്.’നിങ്ങള്‍ക്ക് അധികമായി കിട്ടുന്ന ശമ്പളത്തില്‍ നിന്ന് നികുതി ഉള്‍പ്പെടെ കുറയ്ക്കുമ്പോള്‍ 5.8 ലക്ഷത്തിന്റെ വര്‍ധനവാണുണ്ടാവുക. നിങ്ങള്‍ക്ക് ചെലവുകള്‍ നിയന്ത്രിച്ചാല്‍ ഈ വ്യത്യാസം ലളിതമായി നികത്താന്‍ കഴിയും. സാമ്പത്തികമായി നല്ല നിലയിലാണെങ്കില്‍ വര്‍ക്ക് ഫ്രം ഹോം തുടരൂ. കുടുംബത്തോടൊപ്പം കഴിയാമല്ലോ. പക്ഷേ, നിങ്ങള്‍ക്ക് തൊഴില്‍പരമായുള്ള വളര്‍ച്ചയ്ക്കും നെറ്റ്വര്ക്കിങ്ങിനുമുള്ള അവസരം കുറയും’ -ഇങ്ങനെയാണ് ഒരാള്‍ ഉപദേശിച്ചത്.
അതേസമയം, ഈ പ്രായത്തില്‍ വര്‍ക്ക് ഫ്രം ഓഫീസ് തിരഞ്ഞെടുക്കൂവെന്നാണ് വേറൊരാള് പറഞ്ഞത്. ‘സാമ്പത്തികമായി നിങ്ങള്‍ക്ക് വലിയ മെച്ചമുണ്ടാകുന്നില്ലെന്ന് വ്യക്തമാണ്. പക്ഷേ നിങ്ങളുടെ ഈ പ്രായത്തില്‍ ഞാനാണെങ്കില്‍ വര്‍ക്ക് ഫ്രം ഓഫീസ് തിരഞ്ഞെടുക്കും. ചെറിയ കുട്ടികളോ പ്രായമായ മാതാപിതാക്കളോ ഉള്ളവര്‍ക്കാണ് വര്‍ക്ക് ഫ്രം ഹോം നല്ലത്. ടെക്കികള്‍ക്ക് ബെംഗളൂരു വളരെ നല്ലൊരു സ്ഥലമാണ്. ആളുകള്ക്കിടയിലാകുമ്പോള് ചുറ്റും നിന്നും ഒരുപാട് പഠിക്കാനാകും.’ -കമന്റില്‍ പറയുന്നു.