ബെംഗളൂരു: ബെംഗളൂരു ഔട്ടർ റിങ് റോഡിന്റെ സമഗ്ര വികസന പദ്ധതി പ്രദേശവാസികളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ അന്തിമമായി തീരുമാനിക്കൂ എന്ന് ബെംഗളൂരു നഗരവികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ.പ്രദേശവാസികള്‍ക്കിടയില്‍ ചില ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. സില്‍ക്ക് ബോർഡ് ജംഗ്ഷൻ മുതല്‍ ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷൻ വരെ നിർദിഷ്ട റോഡ് വികസന പ്രവർത്തനങ്ങള്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വ്യാഴാഴ്ച ഉദ്യോഗസ്ഥർക്കൊപ്പം പരിശോധന നടത്തിയിരുന്നു. ലോറി ജംഗ്ഷൻ മുതല്‍ ഇബ്ലൂർ ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിലാണ് പരിശോധന നടന്നത്.ഇത്തരം വികസന പ്രവർത്തനങ്ങള്‍ അനന്തമായി നീണ്ടുപോകുന്നത് ബെംഗളൂരുവിലെ ഒരു സ്ഥിരം പ്രശ്നമാണ്. മെട്രോ ജോലികള്‍ പലയിടത്തും മാസങ്ങളോളം വൈകുന്നതും, അതുവഴി ഗതാഗതം നരകതുല്യമാകുന്നതും സാധാരണമാണ്. വർഷങ്ങളായി ഒആർആർ മേഖലയില്‍ കനത്ത ഗതാഗതക്കുരുക്കാണ്. പുതിയ റോഡ് വികസനം കൂടി തുടങ്ങുമ്പോള്‍ വൻതോതില്‍ റോഡ് സ്ഥലം നിർമ്മാണത്തിനായി മാറ്റിവെക്കേണ്ടി വരും. ഇത് പ്രദേശവാസികളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.റോഡുപണി തുടങ്ങിയാല്‍ സർവീസ് റോഡുകളുടെ വീതി കുറയുമോയെന്ന ഭീതിയും പ്രദേശവാസികളിലുണ്ട്. വീതി കൂട്ടാനായി സർവീസ് റോഡില്‍ നിന്ന് സ്ഥലം എടുക്കാനുള്ള സാധ്യതയാണ് ജനങ്ങള്‍ ഭയപ്പെടുന്നത്.
ഇതിന് റോഡിന്റെ രൂപരേഖ തയ്യാറാക്കുന്ന ഘട്ടത്തില്‍ തന്നെ ജനങ്ങളുടെ അംഗീകാരം വാങ്ങണമെന്നതാണ് ഉയരുന്ന ആവശ്യം.ഔട്ടര് റിങ് റോഡ് 400 മുതല്‍ 450 കോടി രൂപ വരെ ചിലവിട്ട് പുനർനിർമ്മിച്ച് ആധുനികവല്‍ക്കരിക്കാനാണ് മുഖ്യമന്ത്രി ഡികെ ശിവകുമാർ ലക്ഷ്യമിടുന്നത്. വികസന പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുൻപ് തന്നെ ഈ മേഖലയിലെ ഗതാഗതക്കുരുക്കിന് ഫലപ്രദമായ പരിഹാരം കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിരവധി അപ്പാർട്ട്മെന്റ് സമുച്ചയങ്ങളും ഐടി കമ്പനികളും വാണിജ്യ സ്ഥാപനങ്ങളും നിറഞ്ഞ പ്രദേശമാണിത്. അതിനാല്‍ പ്രാദേശിക സാഹചര്യങ്ങള്‍ കൃത്യമായി പഠിച്ച ശേഷം മാത്രമേ റോഡിന്റെ രൂപരേഖ തയ്യാറാക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.റോഡ് വികസനത്തിന്റെ പ്രാഥമിക രൂപരേഖ തയ്യാറായിക്കഴിഞ്ഞാല്‍, അതിന് അന്തിമ അംഗീകാരം നല്‍കുന്നതിന് മുൻപായി പ്രദേശവാസികളുമായി ചർച്ചകള്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വ്യാഴാഴ്ച നടത്തിയ നേരിട്ടുള്ള പരിശോധനയിലൂടെ റോഡിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് കൃത്യമായ ധാരണ ലഭിച്ചതായി നഗരവികസന മന്ത്രാലയം അറിയിച്ചു. പ്രദേശത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും ഈ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.