Home Featured കർണാടക: പൊതുസ്ഥലങ്ങളില്‍ സ്ഥിതിചെയ്യുന്ന 6395 ആരാധനാലയങ്ങൾ പൊളിച്ചു മാറ്റാൻ നിർദേശം

കർണാടക: പൊതുസ്ഥലങ്ങളില്‍ സ്ഥിതിചെയ്യുന്ന 6395 ആരാധനാലയങ്ങൾ പൊളിച്ചു മാറ്റാൻ നിർദേശം

by മൈത്രേയൻ

കർണാടക: ഈ മാസം 12ന് ഹൈകോടതിയില്‍ സത്യവാങ്മൂലം ബോധിപ്പിക്കാന്‍ കഴിയും വിധം കര്‍ണാടകയില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥിതിചെയ്യുന്ന 6395 ആരാധനാലയങ്ങളിന്മേല്‍ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രടറി പി രവികുമാര്‍ ജില്ലാ ഡെപ്യൂടി കമീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഈ മാസം ഒന്നിന് ചീഫ് സെക്രടറി അയച്ച ഇതുസംബന്ധിച്ച കത്ത് നടപടികള്‍ക്കായി താലൂക് അധികൃതര്‍ക്ക് കൈമാറിയതായി മംഗളുറു ഡി സി കാര്യാലയം അറിയിച്ചു.

ദക്ഷിണ കന്നഡയിലെ 1579 ആരാധനാലയങ്ങളാണ് പട്ടികയിലുള്ളത്. മറ്റു ജില്ലകളേക്കാള്‍ വളരെ കൂടുതലാണിത്. മസ്ജിദുകള്‍, ദര്‍ഗകള്‍, ക്രൈസ്തവ ദേവാലയങ്ങള്‍ എന്നിവ പട്ടികയിലുണ്ടെങ്കിലും സിംഹഭാഗം ഹൈന്ദവ ആരാധനാലയങ്ങളാണ്.

അനധികൃത ആരാധനാലയങ്ങള്‍ പൊളിക്കുകയോ മാറ്റി സ്ഥാപിക്കുകയോ സ്ഥിരപ്പെടുത്തുകയോ ചെയ്യണമെന്ന് 2009ല്‍ സുപ്രീംകോടതിയും ഇത് നടപ്പാക്കാന്‍ വൈകുന്നതിനെതിരെ കഴിഞ്ഞ ഡിസംബറില്‍ കര്‍ണാടക ഹൈകോടതിയും വിധി പ്രസ്താവിച്ചത് ചീഫ് സെക്രടറി ഡി സിമാര്‍ക്കുള്ള കത്തില്‍ ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി വിധിക്ക് ശേഷം പൊതുസ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ കൂടുതല്‍ സ്ഥാപിക്കുകയാണ് ചെയ്തത്. ദക്ഷിണ കന്നഡ കഴിഞ്ഞാല്‍ ഷിവമോഗ്ഗ ജില്ലയിലാണ് കൂടുതല്‍- 740. ബെലഗാവി-612, കോലാര്‍-397, ഭഗല്‍കോട്ട്-352, ധാര്‍വാഡ്-324, മൈസൂറു-315, കൊപ്പല്‍-306 എന്നിങ്ങിനെയാണ് 300ന് മുകളിലുള്ള ജില്ലകള്‍.

ജില്ലാ ഭരണകൂടങ്ങളും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് കര്‍മ പദ്ധതി തയ്യാറാക്കി നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രടറി ആവശ്യപ്പെട്ടു. ഈ മാസം 12ന് ഹൈകോടതിയില്‍ സത്യവാങ്മൂലം സമര്‍പിക്കാന്‍ സര്‍കാര്‍ ബാധ്യസ്ഥമാണ്.

അതേസമയം ചീഫ് സെക്രടറിയുടെ നിര്‍ദേശമോ കോടതി ഉത്തരവുകളോ നടപ്പാക്കുക എളുപ്പമല്ലെന്ന് ജില്ലാ കാര്യാലയത്തിലെ ബന്ധപ്പെട്ട വിഭാഗം അധികൃതര്‍ പറഞ്ഞു. നടപടികള്‍ സംബന്ധിച്ച്‌ ആഴ്ചതോറും താലൂകുതലങ്ങളില്‍ റിപോര്‍ട് ശേഖരിക്കാനാണ് മുകളില്‍ നിന്നുള്ള നിര്‍ദേശം. സുപ്രിംകോടതി വിധി വന്നപ്പോള്‍ തന്നെ ഹിന്ദു ജാഗരണ വേദി രംഗത്തുവന്നിരുന്നു. കഴിഞ്ഞ മാസം ആരാധനാലയം പൊളിക്കാന്‍ ഉത്തരവിട്ട ധാര്‍വാഡ് ജില്ലാ ഡെപ്യൂടി കമീഷണര്‍ നിതേഷ് പടില്‍ പുലിവാലുപിടിച്ച അവസ്ഥയിലാണ്. ഗ്രാമത്തിലായിട്ടും ആളുകള്‍ ഉദ്യോഗസ്ഥരെ തടഞ്ഞു. മണ്ണുമാന്തി യന്ത്രം ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. അയാള്‍ മരിച്ച വിവരമാണ് മൂന്നാം ദിവസം വന്നത്. അതോടെ പ്രവൃത്തിക്ക് ജോലിക്കാരെ കിട്ടാതായി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group