ക്രൂരമായ ചരിത്രം ഡല്‍ഹി ക്യാപിറ്റല്‍സിനെ വീണ്ടും വേട്ടയാടിയിരിക്കുന്നു, എന്നാല്‍ ഇത്തവണത്തെ തോല്‍വിക്ക് ആഴമേറിയ വേദനയുണ്ട്. മറ്റൊരു ഫൈനല്‍, മറ്റൊരു ഹൃദയഭേദകമായ തോല്‍വി. ഇത്തവണ വിജയത്തിനടുത്തെത്തിയ ശേഷമാണ് ഡല്‍ഹി വീണത്. വ്യാഴാഴ്ച വഡോദരയില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍, സ്മൃതി മന്ദാനയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആറ് വിക്കറ്റിന്റെ വിജയം നേടുകയും രണ്ടാം വട്ടവും വുമണ്‍സ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുകയും ചെയ്തു. ഒരു ഘട്ടത്തില്‍ ഇത് ഡല്‍ഹിയുടെ രാത്രിയാകുമെന്ന് തോന്നിപ്പിച്ചിരുന്നു. ചരിത്രം തിരുത്തിക്കുറിക്കാൻ ഇറങ്ങിയ ഒരു നായികയെപ്പോലെയായിരുന്നു ജെമീമ റോഡ്രിഗസിന്റെ പ്രകടനം. 37 പന്തില്‍ 57 റണ്‍സെടുത്ത ജെമീമയുടെ കരുത്തില്‍ ഡല്‍ഹി 203/4 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ലോറ വോള്‍വാർട്ട് (25 പന്തില്‍ 44), ലിസെല്ലെ ലീ (30 പന്തില്‍ 37) എന്നിവർ ഡല്‍ഹിക്ക് മികച്ച അടിത്തറ നല്കിയപ്പോള്, അവസാന നിമിഷം വെറും 15 പന്തില്‍ 35 റണ്‍സുമായി ചിനെല്ലെ ഹെൻറി ടീം സ്കോറിനെ വാനോളം ഉയർത്തി. തുടക്കത്തില്‍ ബാംഗ്ലൂർ ബൗളർമാർ മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും ലിസെല്ലെ ലീയും ജെമീമയും ചേർന്ന് ബൗണ്ടറികള്‍ കണ്ടെത്തിയതോടെ കളി മാറി. 203 റണ്‍സ് എന്നത് മറികടക്കാൻ പ്രയാസമുള്ള ഒരു വലിയ ലക്ഷ്യമായിട്ടാണ് എല്ലാവരും കരുതിയത്. എന്നാല്‍ ബാംഗ്ലൂരിന് മറ്റൊന്നായിരുന്നു പറയാനുണ്ടായിരുന്നത്. തുടക്കത്തില്‍ തന്നെ ഗ്രേസ് ഹാരിസിനെ നഷ്ടമായത് ആർസിബിയെ തെല്ലൊന്ന് ഉലച്ചു. പക്ഷേ പിന്നീട് സ്മൃതി മന്ദാനയും ജോർജിയ വോളും ചേർന്ന് കളം പിടിച്ചു. ഡല്‍ഹി ബൗളർമാരായ ഹെൻറി, കാപ്പ്, റാണ, നന്ദിനി എന്നിവരെയെല്ലാം ഇരുവരും നിർദാക്ഷിണ്യം പ്രഹരിച്ചു.
പകുതി ദൂരം പിന്നിടുമ്പോള്‍ തന്നെ ബാംഗ്ലൂർ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയില്‍ സുരക്ഷിതരായിരുന്നു. ഇതിനിടെ സ്മൃതി മന്ദാന ഹർമൻപ്രീത് കൗറിനെ പിന്നിലാക്കി ‘ഓറഞ്ച് ക്യാപ്പ്’ സ്വന്തമാക്കി. 15 ഓവർ പിന്നിടുമ്പോള്‍ ബാംഗ്ലൂർ സ്കോർ 161/1 എന്ന നിലയിലെത്തി. WPL ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടായിരുന്നു ഇത്. പക്ഷേ, അവസാന നിമിഷം അപ്രതീക്ഷിത നാടകീയതകള്‍ക്ക് സ്റ്റേഡിയം സാക്ഷിയായി. മിന്നു മണി ജോർജിയ വോളിനെ പുറത്താക്കി. തൊട്ടുപിന്നാലെ നന്ദിനി ശർമ്മ റിച്ച ഘോഷിനെയും മടക്കി. കളി അവസാന 12 പന്തില്‍ 24 റണ്‍സ് എന്ന നിലയിലായി. സെഞ്ച്വറിക്കരികില്‍ സ്മൃതി മന്ദാനയും വീണതോടെ ഡല്‍ഹിക്ക് വിജയപ്രതീക്ഷ കൈവന്നു. അവസാന ഓവറില്‍ ജയിക്കാൻ 10 റണ്‍സ് വേണമെന്നിരിക്കെ രാധാ യാദവും നാഡിൻ ഡി ക്ലർക്കുമായിരുന്നു ക്രീസില്‍. എന്നാല്‍ ആദ്യ രണ്ട് പന്തുകളില്‍ തന്നെ ഫോറുകള്‍ പായിച്ച് രാധാ യാദവ് ബാംഗ്ലൂരിന് വിജയം സമ്മാനിച്ചു. ഈ ജയത്തോടെ ടേബിള്‍ ടോപ്പർമാരായി ഫിനിഷ് ചെയ്ത് കിരീടം നേടുന്ന ആദ്യ ടീമായി ആർസിബി മാറി. സ്മൃതി മന്ദാന രണ്ട് തവണ കിരീടം നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനുമായി. ഡല്‍ഹിക്കാവട്ടെ, നാല് ഫൈനലുകള്‍, നാല് തോല്‍വികള്‍ എന്ന ദയനീയമായ കണക്ക് ബാക്കിയായി.