ബെംഗളൂരു: പടിഞ്ഞാറന്‍ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് വലിയൊരളവ് വരെ പരിഹാരമേകുന്ന ഗോരിപാളയ – ഹൊസഹള്ളി റെയില്‍വേ പാലം യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തു.രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത്. പഴയ പാലത്തിന് ബലക്ഷയം സംഭവിച്ചതിനെ തുടര്‍ന്നാണ് പുതിയ പാലം പണിയാന്‍ റെയില്‍വേ തീരുമാനിച്ചത്. തുടര്‍ന്ന് പഴയ പാലം പൊളിച്ചു നീക്കി പുതിയത് പണിയുകയായിരുന്നു. ആറര കോടി രൂപ ചെലവഴിച്ചാണ് റെയില്‍വേയും ബിബിഎംപിയും ചേര്‍ന്ന് ഈ പദ്ധതി പൂര്‍ത്തിയാക്കിയത്.പടിഞ്ഞാറന്‍ ബെംഗളൂരുവിലെ ഏറ്റവും പ്രധാനപ്പെട്ട പാതയാണ് ഗൗരിപാളയ – ഹൊസഹള്ളി റെയില്‍വേ പാലം. പുതിയ പാലത്തിന്റെ നിര്‍മാണത്തില്‍ രണ്ട് വര്‍ഷത്തോളം കാലതാമസം നേരിട്ടത് യാത്രക്കാരില്‍ വലിയ അമര്‍ഷമുണ്ടാക്കിയിരുന്നു. യാത്രയ്ക്കായി ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ടി വന്നത് ധനനഷ്ടവും സമയനഷ്ടവുമുണ്ടാക്കി. സ്‌കൂള്‍ കുട്ടികളും ജോലിക്കാരുമാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചത്. സാങ്കേതിക തടസങ്ങളാണ് നിര്‍മാണം നീളാന്‍ കാരണമായത്. പാലം പണി പൂര്‍ത്തിയായത് ഈ റൂട്ടിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ദൈനംദിന യാത്രക്കാര്‍ക്ക് ആശ്വാസം പകരുന്നുണ്ട്. പാലത്തിന്റെ പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ യാത്രയും സുഗമമാകും.2023 ജനുവരിയിലാണ് പാലത്തിന്റെ പണി തുടങ്ങിയത്. പൊളിച്ചുമാറ്റല്‍ ജോലികള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയായി. അതിനുശേഷം പുതിയ പാലത്തിന്റെ നിര്‍മ്മാണവും ആരംഭിച്ചു. ഈ പാലം തുറന്നതോടെ ഗൗരിപാളയ, ഹൊസഹള്ളി, വിജയനഗര്‍, പദരായനപുര, മാഗഡി റോഡ് തുടങ്ങിയ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകും. ഇതിനു മുമ്പ് പാലം അടച്ചിട്ടിരുന്നതിനാല്‍ യാത്രക്കാര്‍ക്ക് കിലോമീറ്ററുകളോളം ചുറ്റിസഞ്ചരിക്കേണ്ടി വരുമായിരുന്നു.ഭൂഗര്‍ഭ കേബിളുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങള്‍ കാരണമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ വൈകിയത്. ഈ പ്രദേശത്തുള്ളവരെ കിഴക്കന്‍ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാത കൂടിയാണിത്.ഇപ്പോള്‍ പാലം തുറന്നത് സ്‌കൂള്‍ കുട്ടികള്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്. നിലവില്‍ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉദ്ഘാടച്ചടങ്ങില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി വി സോമന്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്. നിര്‍മാണം അല്‍പം വൈകിയെങ്കിലും അനിവാര്യമായ വികസന പദ്ധതിയായിരുന്നു ഇതെന്ന് യാത്രക്കാര്‍ സമ്മതിക്കുന്നു.