ബെംഗളൂരു: നഗരത്തിലെ ഗതാഗത സൗകര്യങ്ങള്‍ അതിവേഗത്തില്‍ വികസിക്കുകയും വിപുലീകരിക്കുകയും ചെയ്യുകയാണ്. മെട്രോ അടക്കമുള്ള പൊതുഗതാഗത്തിന് ഒപ്പം തന്നെ റോഡ് ഗതാഗതവും കൂടുതല്‍ മെച്ചപ്പെടുകയാണ്.അതിന്റെ ഭാഗമായി ഇപ്പോള്‍ വലിയൊരു മാറ്റത്തിന് തന്നെ നഗരം ഒരുങ്ങുകയാണ്.നഗരത്തിലെ ആദ്യത്തെ ഡബിള്‍ ഡക്കർ ഫ്ലൈഓവറായ സില്‍ക്ക് ബോർഡ് ജംഗ്ഷൻ ഫ്ലൈഓവർ പൂർത്തീകരണത്തോട് അടുക്കുകയാണ് ഇപ്പോള്‍. 449 കോടി രൂപ ചെലവഴിച്ചുള്ള ഈ പദ്ധതി, നഗരത്തിലെ വിട്ടുമാറാത്ത ഗതാഗതക്കുരുക്ക് ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നത്. ഫ്ലൈഓവർ ഫെബ്രുവരി അവസാനത്തോടെ പൂർണമായി പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ.മേല്‍പ്പാലത്തിന്റെ പ്രധാന ഭാഗങ്ങള്‍ 2024ല്‍ തുറന്നിരുന്നുവെങ്കിലും, എച്ച്‌എസ്‌ആർ ലേഔട്ടിനെ ബിടിഎം ലേഔട്ടുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് 42 മീറ്റർ സ്‌റ്റീല്‍ പാലം സ്ഥാപിക്കേണ്ടി വന്നത് കൊണ്ട് പിന്നെയും പണി വൈകിപ്പിച്ചു. ഫെബ്രുവരി അവസാനത്തോടെ ജോലികള്‍ എല്ലാം പൂർത്തിയാക്കാനാണ് ബിഎംആർസിഎല്‍ അധികൃതർ ലക്ഷ്യമിടുന്നത്. നിലവില്‍ കോണ്‍ക്രീറ്റ് സ്ലാബ് വാർക്കുന്ന പണികള്‍ നടക്കുകയാണ് ഇവിടെ.നിലവിലെ സാഹചര്യത്തില്‍ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോവുന്ന മേഖലയില്‍ വരുന്ന മേല്‍പ്പാലത്തിന്റെ പൂർത്തീകരണം യാത്രക്കാരില്‍ വലിയ പ്രതീക്ഷയാണ് ഉണ്ടാക്കുന്നത്.
ഫ്ലൈഓവർ പൂർണമായും തുറന്ന് കൊടുക്കുന്നതോടെ സില്‍ക്ക് ബോർഡ് ജംഗ്ഷനെ പൂർണ്ണമായി മറികടന്ന് വാഹനങ്ങള്‍ക്ക് പോകുവാൻ സാധിക്കുമെന്നതാണ് കാര്യം. അതുവഴി ഇവിടുത്തെ ഗതാഗതക്കുരുക്ക് കുറയുമെന്നാണ് വിലയിരുത്തല്‍.നിലവില്‍ പല യാത്രക്കാരുടെയും പേടി സ്വപ്‌നമാണ് സില്‍ക്ക് ബോർഡ് ജംഗ്‌ഷൻ. ഈ റാമ്ബ് തുറന്നാല്‍ എച്ച്‌എസ്‌ആർ, ഹോസൂർ റോഡ് എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങള്‍ വേഗത്തില്‍ പോകുമെന്നാണ് യാത്രക്കാർ പറയുന്നത്. ഓഫീസ് തിരക്കുകള്‍ ഏറുന്ന വൈകീട്ടോടെ പലപ്പോഴും നീണ്ട നിര തന്നെ ഇവിടെ വാഹനങ്ങളുടേതായി കാണാവുന്നതാണ്.കൂടാതെ സില്‍ക്ക് ബോർഡില്‍ നിന്ന് ബിടിഎം ലേഔട്ടിലേക്കുള്ള സിഗ്നല്‍ ഒഴിവാക്കുന്നത് വലിയ ആശ്വാസമായിരിക്കും എന്നാണ് മറ്റ് യാത്രക്കാരും സാക്ഷ്യപ്പെടുത്തുന്നത്. ബനശങ്കരി ഭാഗത്തുനിന്നുള്ള മേല്‍പ്പാലം ഇതിനകം പ്രവർത്തനക്ഷമമാണ്, എന്നാല്‍ ഈ എച്ച്‌എസ്‌ആർ കണക്ഷനില്ലാത്ത സാഹചര്യത്തില്‍ അത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു.അതിനിടെ മേല്‍പ്പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണെന്നും, പോലീസിന്റെ പരിശോധനയ്ക്ക് ശേഷമേ തുറക്കൂ എന്നും ബിഎംആർസിഎല്‍ അധികൃതർ അറിയിച്ചു. കരാറുകാരൻ അവസാന മിനുക്കുപണികള്‍ പൂർത്തിയാക്കിയാല്‍, ട്രാഫിക് പോലീസ് ഘടന പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് ബിഎംആർസിഎല്‍ അറിയിച്ചു.കൂടാതെ ഫെബ്രുവരി അവസാനത്തോടെ മേല്‍പ്പാലം പൂർണമായി പ്രവർത്തനക്ഷമമാക്കുമെന്ന് ഡിസിപി ഗോപാല്‍ എം ബ്യാകോഡ് (ട്രാഫിക്, സൗത്ത്) സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്. ഇത് സെൻട്രല്‍ സില്‍ക്ക് ബോർഡ് ജംഗ്ഷൻ മുതല്‍ ബിടിഎം ലേഔട്ട്, എച്ച്‌എസ്‌ആർ ലേഔട്ട്, ബെല്ലന്തൂർ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് ഒരുപരിധിവരെ ലഘൂകരിക്കാൻ സഹായിക്കും.