ബെംഗളൂരു: ടെക്കി ദമ്പതികള്‍ ചായ കുടിക്കാൻ പുറത്തിറങ്ങിയ സമയത്ത് വീട്ടില്‍ കള്ളൻ കയറി. നഷ്ടമായത് 30 ലക്ഷത്തിന്റെ സ്വർണം, വെള്ളി ആഭരണങ്ങള്‍.ബെംഗളൂരുവിലെ എച്ച്‌ആർബിആർ ലേഔട്ടില്‍ താമസിക്കുന്ന സോഫ്റ്റ്വെയർ ദമ്പതികളുടെ വീട്ടില്‍ നിന്നാണ് വൻതുകയുടെ മോഷണം നടന്നത്. എച്ച്‌ആർബിആർ ലേഔട്ടിലെ രണ്ടാം ബ്ലോക്കില്‍ താമസിക്കുന്ന ബാലാജി ജിയുടെ മൂന്നാം നിലയിലെ ഫ്ലാറ്റിലാണ് മോഷണം നടന്നത്. ശനിയാഴ്ച വൈകുന്നേരം 4.30നും 6.30നും ഇടയിലാണ് മോഷണം നടന്നിട്ടുള്ളത്. ഫ്ലാറ്റിന് സമീപത്തെ കഫേയില്‍ നിന്ന് ചായ കുടിക്കാൻ ദമ്പതികള്‍ വീട് പൂട്ടിപ്പോയ സമയത്തായിരുന്നു മോഷണം.
ദമ്പതികള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍, പ്രധാന വാതിലിന്റെ പൂട്ട് തകർന്നതായി കണ്ടു. അകത്ത് കയറി നോക്കിയപ്പോള്‍, കിടപ്പുമുറിയിലെ അലമാരകള്‍ തുറന്ന നിലയിലും സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. ഇതോടെയാണ് ദമ്പതികള്‍ വിവരം പൊലീസിനെ അറിയിച്ചത്. 250 ഗ്രാം സ്വർണവും 300 ഗ്രാം വെള്ളിയും പൂജാറൂമിലെ വെള്ളി പാത്രങ്ങളും മോഷണം പോയവയില്‍ ഉള്‍പ്പെടും.സംഭവത്തില്‍ പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. അപ്പാർട്ട്മെന്റിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. മോഷ്ടാക്കള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഭാരതീയ ന്യായ സംഹിത (BNS) വകുപ്പ് 305, 331 പ്രകാരം കേസെടുത്തിട്ടുണ്ട്