ബംഗളുരു: സൗത് സെന്‍ട്രല്‍ റെയില്‍വേ ഡിവിഷനുകള്‍ക്ക് കീഴിലെ ട്രെയിനുകളില്‍ തിങ്കളാഴ്ച മുതല്‍ റിസര്‍വ് ചെയ്യാതെയും യാത്ര ചെയ്യാന്‍ സൗകര്യം. കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി ആറു ഡിവിഷനുകളാണ് സൗത് സെന്‍ട്രല്‍ റയില്‍വേക്കുള്ളത്.
റയില്‍വേ സ്റ്റേഷന്‍ കൗണ്ടറുകളില്‍ ടികെറ്റ് ലഭിക്കും. കൂടാതെ യുടിഎസ് ആപ്, എ ടി വി മെഷിന്‍, കോയിന്‍ ടി വി എം എസ് എന്നീ സംവിധാനങ്ങള്‍ വഴിയും ടികെറ്റ് കരസ്ഥമാക്കാം. 82 ട്രയിനുകളാണ് സൗത് സെന്‍ട്രല്‍ റെയില്‍വേക്ക് കീഴില്‍ സര്‍വീസ് നടത്തുന്നതെന്ന് ജനറല്‍ മാനേജര്‍ ഗജനന്‍ മല്ല്യയെ ഉദ്ധരിച്ച് ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സിഎച് രാകേഷ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
കോവിഡ് ലോക്ഡൗണ്‍ ട്രയിന്‍ ഗതാഗതം തടസ്സപ്പെടുത്തിയ കഴിഞ്ഞ ഒരു വര്‍ഷം സൗത് സെന്‍ട്രല്‍ റെയില്‍വേ ട്രാകുകള്‍ ബലപ്പെടുത്തുന്ന പ്രവൃത്തികളില്‍ വ്യാപൃതമായിരുന്നു. അതിന്റെ മെച്ചം തിങ്കളാഴ്ച മുതല്‍ യാത്രക്കാര്‍ അനുഭവിക്കുകയാണ്. ട്രയിനുകളുടെ വേഗം കൂട്ടാനാവുന്നതാണ് പ്രധാന നേട്ടം. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളു എന്നും മല്ല്യ പറഞ്ഞു.