കാസര്‍കോട്: കേരളം കര്‍ണാടകം ബന്ധം മോശമാക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. സ്ഥലപ്പേരുകള്‍ മാറ്റുമെന്നത് അസംബന്ധമെന്ന് ജില്ലാ കളക്ടര്‍ സജിത് ബാബു പ്രതികരിച്ചു. സര്‍ക്കാര്‍തലത്തില്‍ ഇത്തരമൊരു നീക്കം ഉണ്ടായിട്ടില്ലെന്ന് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫും വ്യക്തമാക്കി. പ്രചാരണത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.
കന്നഡ സ്ഥലപ്പേരുകള്‍ മാറ്റാന്‍ ഒരു നീക്കവും സര്‍ക്കാര്‍ തലത്തില്‍ ഇല്ലെന്ന് വ്യക്തമാക്കിയ എകെഎം അഷ്റഫ് പ്രചാരണത്തിന് പിന്നില്‍ ചില ആളുകളുടെ ഗൂഢ നീക്കമുണ്ടെന്ന് ആരോപിച്ചു. വ്യാജ വാര്‍ത്ത ബിജെപി നേതാക്കള്‍ ട്വീറ്റ് ചെയ്ത് വലുതാക്കുകയാണെന്നും കെ സുരേന്ദ്രന്‍്റെ ഫേസ്ബുക്ക് പോസ്റ്റ് ദുരുദ്ദേശപരമാണെന്നും അഷ്റഫ് ആരോപിച്ചു.
*കേരളത്തിൽ നിന്ന് കർണാടകയിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം*
സര്‍ക്കാര്‍ തലത്തില്‍ ഒരു ഫയല്‍ പോലും ഇതുമായി ബന്ധപ്പെട്ടില്ലെന്നും ഒരു ആലോചനയേ ഇല്ലെന്നും ജില്ലാ കളക്ടറും വ്യക്തമാക്കുന്നു. ഇല്ലാത്ത കാര്യത്തെ പറ്റി ഔദ്യോഗിക പ്രതികരണം നടത്താനില്ലെന്നാണ് ജില്ലാ കളക്ടറുടെ നിലപാട്. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതില്‍ നിന്ന് മാധ്യമങ്ങളടക്കം ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും സജിത്ബാബു ആവശ്യപ്പെട്ടു.
മഞ്ചേശ്വരം വില്ലേജിലെ പത്തോളം സ്ഥലപേരുകള്‍ മലയാള വല്കരിക്കാന് കേരളം നടപടികള്‍ തുടങ്ങിയെന്നായിരുന്നു പ്രചരണം. ഇതിന് പിന്നാലെ മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി നീക്കത്തിനെതിരെ കേരള മുഖ്യമന്ത്രിക്ക് കത്തയക്കുക വരെ ചെയ്തു. കര്‍ണാടക സാംസ്കാരിക മന്ത്രി അരവിന്ദ് ലിംബാവലിയും വിവിധ കന്നഡ സംഘടനകളും സമാന ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇല്ലാ വാര്‍ത്ത വിവാദമാകുന്നതിനിടെയാണ് ഇങ്ങനെയൊരു നീക്കമേ ഇല്ലെന്ന് വ്യക്തമാക്കി കേരളം രംഗത്തെത്തുന്നത്.