ബെംഗളൂരു മൊബൈൽ ആപ് വഴി ബുക്ക് ചെയ്യുന്നവർക്ക് ഏപ്രിൽ 1 മുതൽ കാവേരി ജലം ടാങ്കറുകളിൽ എത്തിച്ചുനൽകാനുള്ള നടപടിയുമായി ബെംഗളൂരു ജല അതോറിറ്റി (ബിഡബ്ല്യുഎസ്എസ്ബി). സ്വകാര്യ ജല ടാങ്കറുകളുടെ ചൂഷണത്തിന് പരിഹാരമായാണ് ജല അതോറിറ്റി നേരിട്ട് കുറഞ്ഞ തുകയ്ക്ക് ജലവിതരണം ആരംഭിക്കുന്നത്. നിലവിൽ, ജലക്ഷാമം രൂക്ഷമായ മേഖലകളിൽ ടാങ്കറുകളിൽ സൗജന്യമായി ജലവിതരണം നടത്തുന്നുണ്ട്.
ടാങ്കർ ബുക്കിങ് ആപ് അടുത്ത ദിവസം പുറത്തിറക്കുമെന്ന് ബിഡബ്ല്യുഎസ്എസ്ബി ചെയർമാൻ വി.രാം പ്രശാന്ത് മനോഹർ പറഞ്ഞു. 6000, 12,000 ലീറ്റർ ജലം കൊള്ളുന്ന 42 ടാങ്കറുകൾ ആദ്യഘട്ടത്തിൽ വിതരണത്തിനു ക്രമീകരിക്കും. വാടക അടിസ്ഥാനത്തിൽ 200 ടാങ്കറുകൾ കൂടി ലഭ്യമാക്കും. നിരക്ക് സംബന്ധിച്ച നടപടികൾ അവസാനഘട്ടത്തിലാണെന്നും രാം പ്രശാന്ത് പറഞ്ഞു.