ബംഗളൂരു: അടുത്ത രണ്ടു ദിവസങ്ങളിൽ കർണാടകയുടെ തീരപ്രദേശങ്ങളിലും വടക്കൻ കർണാടകയിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ റിപ്പോർട്ട്.മാണ്ഡ്യ, മൈസൂരു, ചാമരാജ് നഗർ, കുടക്, ഹാസൻ, ചിക്കബെല്ലാപുര, തുമകൂരു, രാമനഗര എന്നിവിടങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ട്.ആകാശം മേഘാവൃതമായിരിക്കും.
കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസുമായിരിക്കും. കർണാടകയുടെ മിക്ക പ്രദേശങ്ങളിലും സാധാരണ കാലാവസ്ഥയിൽ വർധനയുണ്ടാവുമെന്നും ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലും രാത്രി കാലങ്ങളിൽ താപനില ഉയരുമെന്നും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തീരദേശങ്ങളിൽ താമസിക്കുന്നവർ ആയാസകരമായ പ്രവൃത്തികളിൽ ഏർപ്പെടരുതെന്നും ഉച്ചക്ക് 12നും വൈകീട്ട് മൂന്നിനുമിടയിൽ പുറത്തിറങ്ങി നടക്കരുതെന്നും മുന്നറിയിപ്പ് നൽകി.
ശരീരത്തിൽ ജലാംശം നിലനിർത്തുകയും അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുക, വീട്ടിൽ ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പുവരുത്തുക എന്നിവ ശ്രദ്ധിക്കണമെന്നും ബംഗളൂരു കാലാവസ്ഥ നിരീക്ഷണ കേന്ദ്ര ഡയറക്ടർ പൂവിയരശൻ പറഞ്ഞു.വേനൽ ചൂടിന് ഇത്തിരി ആശ്വാസമായി ബംഗളൂരു നഗരത്തിൽ കഴിഞ്ഞദിവസം വേനൽ മഴയെത്തിയിരുന്നു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ബംഗളൂരുവിൽ മഴ കുറവാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നുവെങ്കിലും ഇത്തവണ 30 മുതൽ 40 വരെ ശതമാനം കൂടുതൽ മഴ ലഭിക്കുമെന്നും ‘ലാ നിന’ എന്ന പ്രതിഭാസമാണ് മഴക്ക് കാരണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. ഈ പ്രതിഭാസം തണുത്ത കാലാവസ്ഥ പ്രദാനം ചെയ്യുകയും മഴക്ക് കരണമാകുകയും ചെയ്യും.
ശാന്തി നഗർ, കോർപറേഷൻ സർക്ൾ, റിച്ച് മണ്ട് റോഡ്, കെ.ആർ മാർക്കറ്റ്, മെജസ്റ്റിക്, ജയനഗർ, ബനശങ്കരി, ജെ.പി നഗർ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസം മഴ ലഭിച്ചു. കലാവസ്ഥാ വകുപ്പിൻറെ കണക്ക് പ്രകാരം മഹാദേവപുരയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ചില പ്രദേശങ്ങളിൽ ചാറ്റൽ മഴക്കൊപ്പം കാറ്റുമുണ്ടായിരുന്നു. ആന്തമാൻ-നികോബാർ ദ്വീപിന് മുകളിലും ബംഗാൾ ഉൽക്കടലിന് മുകളിലും രൂപപ്പെട്ട ചുഴലിക്കാറ്റുകളാണ് മഴക്ക് കാരണമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ബംഗളൂരു മേധാവി സി.എസ് പാട്ടീൽ പറഞ്ഞു.