കര്‍ണാടകയില്‍ മദ്യത്തിന് വില കൂടിയേക്കുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം സൂചിപ്പിച്ചത്. 2025-26ലെ സംസ്ഥാന ബജറ്റ് അവതരണത്തിനിടെ മദ്യത്തിന്റെ വില പുന:പരിശോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒപ്പം കഴിഞ്ഞ വര്‍ഷത്തെ എക്‌സൈസ് നികുതി വരുമാനം 36,500 കോടി രൂപയായിരുന്നുവെന്നും അടുത്ത വര്‍ഷം 40,000 കോടിരൂപയാണ് ഈയിനത്തില്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.
നേരത്തെ സംസ്ഥാനത്തെ ബിയര്‍ വില കുത്തനെ കൂട്ടിയത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ജനുവരി 20 മുതലാണ് പുതുക്കിയ വില നിലവില്‍ വന്നത്. ഇതോടെ 650 മില്ലി ബിയറിന് 10 മുതല്‍ 45 രൂപവരെ വില കൂടിയിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന നടന്നിട്ടും എക്സൈസ് വകുപ്പിലെ വരുമാനക്കുറവ് പരിഹരിക്കാനാണ് വില വര്‍ധനവ് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം വില വര്‍ധന പ്രാബല്യത്തിലായതോടെ നേരത്തെ 100 രൂപയുണ്ടായിരുന്ന ബിയറിന് ഇപ്പോള്‍ 145 രൂപയായിട്ടുണ്ട്. 230 രൂപയ്ക്ക് ലഭിച്ചിരുന്ന ബിയറിന് ഇനി 240 രൂപ നല്‍കേണ്ടിവരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വില കൂടുന്നതോടെ ബിയര്‍ വില്‍പ്പന 10 ശതമാനമെങ്കിലും കുറയുമെന്ന ആശങ്കയിലാണ് മദ്യവില്‍പ്പനക്കാരെന്ന് ഫെഡറേഷന്‍ ഓഫ് വൈന്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് കരുണാകര്‍ ഹെഗ്ഡെ പറഞ്ഞിരുന്നു.
വിലവര്‍ധന കാരണം ഒരാഴ്ചയായി ബിയര്‍ വിതരണം കുത്തനെ കുറഞ്ഞു. ഒരാഴ്ച മുമ്പ് മദ്യനിര്‍മാണശാലകള്‍ ഉല്‍പാദനം കുറച്ചു. വില്‍പ്പന ഇതിനോടകം പത്ത് ശതമാനം കുറഞ്ഞു. സ്റ്റോക്ക് കുറയുന്നത് വില്‍പ്പനയെ സാരമായി ബാധിച്ചു,’’ ഹെഗ്ഡെ പറഞ്ഞിരുന്നു.