മൈസൂരു : സന്ദീപ് കെവാനി സംവിധാനം ചെയ്ത ‘സ്കൈ ഫോഴ്‌സ്’ എന്ന ഹിന്ദി സിനിമയ്ക്കുനേരേ കർണാടകയിലെ കുടക് ജില്ലയിൽ വ്യാപക പ്രതിഷേധം. മഹാവീരചക്ര അവാർഡ് ജേതാവും കുടക് സ്വദേശിയുമായ സൈനിക ഉദ്യോഗസ്ഥൻ അജ്ജമദ ബി. ദേവയ്യയെ സിനിമയിൽ തമിഴ് കഥാപാത്രമായി അവതരിപ്പിച്ചതിനെത്തുടർന്നാണ് പ്രതിഷേധം.ചിത്രത്തിനെതിരേ സാമൂഹികമാധ്യമത്തിൽ പ്രതിഷേധം വ്യാപകമാണ്. സിനിമ കർണാടകയിൽ നിരോധിക്കണമെന്നും അണിയറ പ്രവർത്തകർ മാപ്പുപറയണമെന്നും ആവശ്യമുയർന്നു.
1965-ലെ യുദ്ധത്തിൽ പാകിസ്താനിൽ ഇന്ത്യ നടത്തിയ ആദ്യ വ്യോമാക്രമണത്തെ ആസ്പദമാക്കിയുള്ള ചിത്രം ജനുവരി 24-നാണ് റിലീസ് ചെയ്തത്. പാകിസ്‌താന്റെ വിമാനം നശിപ്പിക്കുന്നതിലെ ദേവയ്യയുടെ പങ്കിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് കഥയെന്ന് സിനിമയിൽത്തന്നെ പരാമർശമുണ്ട്.ചിത്രത്തിൽ ദേവയ്യയെ ‘ടി. കൃഷ്‌ണൻ വിജയ്’ എന്ന കഥാപാത്രമായി നടൻ വീർ പഹാരിയയാണ് അവതരിപ്പിക്കുന്നത്.
തമിഴനെന്ന നിലയിൽ അദ്ദേഹത്തിന്റെ സ്വത്വത്തിൽ വന്ന മാറ്റം കുടകരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ദേവയ്യയെക്കുറിച്ച് പുസ്തകം എഴുതിയ കൊടവ മക്കട കൂട്ട പ്രസിഡന്റ് ബൊള്ളജിര ബി. അയ്യപ്പ പറഞ്ഞു. അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ സിനിമാനിർമാതാക്കൾ കുടകിൽ എത്തിയിരുന്നു. സിനിമയുടെ ആദ്യ, അവസാന ക്രെഡിറ്റുകളിൽ ദേവയ്യയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള കഥയെന്ന് പരാമർശമുണ്ടെന്നും അയ്യപ്പ പറഞ്ഞു.
ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് ചലച്ചിത്രനിർമാതാക്കൾ ദേവയ്യയുടെ കുടുംബവുമായോ എഴുത്തുകാരുമായോ കൂടിയാലോചിച്ചില്ലെന്ന് ദേവയ്യയെക്കുറിച്ച് പുസ്തകം രചിച്ച രമേശ് ഉത്തപ്പ പറഞ്ഞു. കഥ വളച്ചൊടിച്ചതിൽ ഞങ്ങൾ അസ്വസ്ഥരാണ്.
യോദ്ധാവിനെ തെറ്റായി ചിത്രീകരിച്ചതിനും കുടകിലെ ജനങ്ങളെ അനാദരിച്ചതിനും പിന്നണിപ്രവർത്തകർ പരസ്യമായി ക്ഷമാപണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
അക്ഷയ് കുമാർ നായകനായ ചിത്രത്തിന് നിരൂപകരിൽനിന്നും പ്രേക്ഷകരിൽനിന്നും മികച്ച പ്രതികരണമാണ്. ആദ്യദിവസംതന്നെ ചിത്രത്തിന് തിയേറ്ററിൽനിന്ന് 11.25 കോടി രൂപ കളക്ഷൻ നേടിയിരുന്നു.
ഗുരുത്വാകർഷണ നിയമത്തെ കുറച്ചൊക്കെ ബഹുമാനിക്കാം കേട്ടോ’; പുഷ്പ 2 സംഘട്ടനരംഗത്തിന് ട്രോൾ പെരുമഴ
തിയേറ്ററിൽ റിലീസ് ചെയ്ത അന്നുമുതൽ വാർത്തകളിൽനിന്ന് ഇറങ്ങാൻ സാധിച്ചിട്ടില്ല അല്ലു അർജുൻ-സുകുമാർ ടീമിന്റെ പുഷ്പ 2-ന്. തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ചതും അല്ലു അർജുന്റെ അറസ്റ്റും അദ്ദേഹം നേരിട്ട വിമർശനങ്ങളുമെല്ലാം തുടർച്ചയായി വാർത്തകളിലും സോഷ്യൽ മീഡിയ ചർച്ചകളിലും നിറഞ്ഞുനിന്നു. കഴിഞ്ഞ ദിവസമാണ് ചിത്രം ഒ.ടി.ടി റിലീസായത്. അപ്പോഴും പുഷ്പ 2-ന് ചർച്ചകളിൽനിന്നൊരു മോചനം ആയിട്ടില്ല. ഇത്തവണ പക്ഷേ രൂക്ഷമായ പരിഹാസമാണ് ചിത്രം നേരിടുന്നതെന്നുമാത്രം.
പുഷ്പ 2-ന്റെ ക്ലൈമാക്സ് സംഘട്ടനരംഗമാണ് പുതിയ ചർച്ചകൾക്കും ട്രോളുകൾക്കും കാരണം. ഗുണ്ടകളിൽ നിന്നും തന്റെ സഹോദരന്റെ മകളെ രക്ഷിക്കുകയാണ് അല്ലു അർജുൻ അവതരിപ്പിച്ച പുഷ്പ എന്ന കഥാപാത്രം. വില്ലന്മാരെ ഒന്നടങ്കം ഇല്ലാതാക്കുകയാണ് പുഷ്പ. തിയേറ്ററുകളിൽ വലിയ കയ്യടി കിട്ടിയ സംഘട്ടനരംഗം ഒ.ടി.ടിയിൽ രൂക്ഷമായ പരിഹാസമാണ് ഏറ്റുവാങ്ങുന്നത്. നായകനെ മാസ് പരിവേഷത്തിൽ അവതരിപ്പിച്ച ക്ലൈമാക്സിലെ ചില രംഗങ്ങൾ കുറച്ച് അതിമാനുഷികമായിപ്പോയെന്നാണ് റെഡ്ഡിറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിൽ നടക്കുന്ന ചർച്ചയിൽ ഉയർന്നുവന്ന അഭിപ്രായം.
പാന്റിനും കോട്ടിനും മുകളിൽ സാരിയുടുത്ത്, ഇരുകൈകളും പിന്നിൽ കയറുകൊണ്ട് കെട്ടിയ നിലയിലാണ് പുഷ്പരാജ് എതിരാളികളെ നേരിടുന്നത്. കത്തി കടിച്ചുപിടിച്ചിരിക്കുന്നു. കൈകൊണ്ട് ഇടിച്ചിടാൻ പറ്റാത്തവരെ കടിച്ചുനേരിടുകയും ചെയ്യുന്നു. ഇതിനിടയിൽ കയ്യിലെ കെട്ട് മുറിച്ചുമാറ്റുന്നതോടെ പുഷ്പ മറ്റൊരാളായി മാറുന്നു. വില്ലന്മാരും നായകനും ഒരേപോലെ പറന്ന് നടക്കുന്നെന്ന പോലെയാണ് പിന്നീടുള്ള ഏറ്റുമുട്ടൽ. ഇത് മാസ് ഹീറോയിക് രംഗമാണോ അതോ കോമഡി രംഗമാണോ എന്ന തലക്കെട്ടിലാണ് ചർച്ചകൾ നടക്കുന്നത്
ചിരിയടക്കാൻ പറ്റുന്നില്ലെന്നാണ് ഒരാൾ കമന്റ് ചെയ്തത്. നമുക്ക് സൂപ്പർ ഹീറോകളില്ല, കാരണം നമ്മുടെ മാസ് ഹീറോകൾ അവർ ചെയ്യുന്നതുപോലുള്ള ജോലി ചെയ്യുന്നുണ്ട്. അതും യാതൊരുതരത്തിലുള്ള സൂപ്പർ പവറുകളോ അതിന് സഹായിക്കുന്ന ഉപകരണങ്ങളോ ഇല്ലാതെ വളരെ റിയലിസ്റ്റിക്കായ സിറ്റുവേഷനുകളിൽ. ഗുരുത്വാകർഷണത്തെയും ഭൗതികശാസ്ത്ര നിയമങ്ങളേയും ബഹുമാനിക്കുന്ന സംഘട്ടന സംവിധായകരെയാണ് നമുക്കാവശ്യം. ഇങ്ങനെയാണ് നിങ്ങളപ്പോൾ 1800 കോടി കളക്ഷനുണ്ടാക്കിയത് എന്നെല്ലാം നീളുന്നു പരിഹാസ കമന്റുകൾ.
വൻ വിജയമായി മാറിയ ‘പുഷ്പ: ദി റൈസി’ന്റെ രണ്ടാം ഭാഗമാണ് ‘പുഷ്പ: ദി റൂൾ (പുഷ്പ 2). ഫഹദ് ഫാസിലാണ് ചിത്രത്തിൽ പ്രതിനായകവേഷത്തിലെത്തിയത്. രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ്, സുനിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റുവേഷങ്ങളിൽ. മൈത്രി മൂവി മേക്കേഴ്സ് നിർമിച്ച ചിത്രത്തിന്റെ തിരക്കഥ സംവിധായകന്റേതുതന്നെയാണ്. ചിത്രത്തിന് റാംപേജ് എന്ന പേരിൽ മൂന്നാം ഭാഗവും വരുന്നുണ്ട്.