ബംഗളൂരു: കർണ്ണാടകയിൽ കോൺഗ്രസ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾ നടത്തുമെന്ന് ഉപമുഖ്യമന്ത്രിയും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ഡി.കെ ശിവകുമാർ. ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ പരിപാടിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്. വിവിധ വകുപ്പുകൾ മുഖേന പരിപാടികൾ പ്രഖ്യാപിക്കാനും 224 നിയമസഭാ മണ്ഡലങ്ങളിലായി പാർട്ടി റാലികൾ നടത്താനും മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.
ഇത് കോൺഗ്രസിന്റെ മാത്രം പരിപാടിയല്ല, മഹാത്മാ ഗാന്ധിയുടെ ആശയങ്ങളിൽ വിശ്വസിക്കുന്ന സമൂഹത്തിന്റെയും ആഘോഷമാണ്. ഇതിന്റെ ഭാഗമായി ഗാന്ധിയൻ ആശയങ്ങളിൽ സ്കൂളുകളിലും കോളേജുകളിലും സെമിനാറുകൾ സംഘടിപ്പിക്കുമെന്നും ശിവകുമാർ പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതി അധ്യക്ഷനായി ഗാന്ധി ചുമതലയേറ്റതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ബെലഗാവിയിൽ മെഗാ റാലി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ വിപുലീകരണ റാലികൾ സംഘടിപ്പിക്കണമെന്ന് അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു. എത്ര പേർ ഈ റാലികളിൽ പങ്കെടുക്കുന്നു എന്നതിനേക്കാൾ ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ, അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായി നടത്തിയ കൂടിക്കാഴ്ച `കുടുംബ ചർച്ച’യായിരുന്നെന്നും കോൺഗ്രസ് ഒരു കുടുംബമാണ്, കുടുംബത്തിലെ കാര്യങ്ങൾ പൊതു ഇടങ്ങളിൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രി കസേര സംബന്ധിച്ച ചോദ്യങ്ങളിൽ, കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തിയിരുന്നെന്നും അദ്ദേഹം മറുപടി നൽകി.
ഈ വര്‍ഷം അവസാനം കർണാടക മുഖ്യമന്ത്രി പദം ഡികെ ശിവകുമാറിന് നല്‍കുമെന്ന സൂചന നൽകി സിദ്ധരാമയ്യ
ബെംഗളൂരു: ഈ വര്‍ഷം അവസാനം കർണാടക മുഖ്യമന്ത്രി പദം ഡികെ ശിവകുമാറിന് നല്‍കുമെന്ന സൂചന നല്‍കി സിദ്ധരാമയ്യ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിന് പിറകെ ഇരുനേതാക്കളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചിരുന്നു.
തുടര്‍ന്ന് രണ്ടരവര്‍ഷം വീതം പദവി പങ്കിടുക എന്ന ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അങ്ങനയൊരു ധാരണയില്ലെന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചിരുന്നത്. അധികാരക്കൈമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ധാരണയുണ്ടെന്നും തന്റെ അവസരത്തിനായി കാത്തിരിക്കുകയാണെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശിവകുമാര്‍ നേരത്തെ പറഞ്ഞിരുന്നു.