Home Featured പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്ത നിലയിൽ

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്ത നിലയിൽ

പഞ്ചാരക്കൊല്ലിയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി.രാധയെ കൊലപ്പെടുത്തിയ നരഭോജി കടുവ തന്നെയാണിതെന്ന് വനംമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. മരണകാരണം ശരീരത്തിൽ ഉണ്ടായ മുറിവാണെന്നാണ് പ്രാഥമിക നിഗമനം. പഴകിയതും പുതിയതുമായ മുറിവുകൾ ശരീരത്തിൽ ഉണ്ടായിരുന്നു. കടുവയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. മരണകാരണം കണ്ടെത്താൻ വിശദമായ പോസ്റ്റ് മോർട്ടം നടത്തും. പെൺകടുവയാണ് ചത്തത്.കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിൽ ചത്തതാണോയെന്നും സംശയമുണ്ട്. പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ 2.30 ഓടെയാണ് കടുവയെ കണ്ടെത്തിയത്.

കടുവയുടെ കഴിഞ്ഞ ദിവസത്തെ ഫോട്ടോയും കിട്ടിയ ജഡത്തിലെയും ഐഡൻറിഫിക്കേഷൻ മാർക്കുകൾ ഒത്തു നോക്കിയാണ് ചത്തത് ആളെ കൊല്ലി കടുവ തന്നെയാണ് എന്ന് സ്ഥിരീകരിച്ചത്.വയനാട് പഞ്ചാരകൊല്ലിയിൽ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെയാണ് ചത്തനിലയിൽ കണ്ടത്. വെടിവച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം കടുവയ്ക്കായി കാടുകയറിയുള്ള പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് കടുവ ചത്തത്.

മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയിൽ വനമേഖലയോടു ചേർന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് മരിച്ചത്. വനംവകുപ്പ് താൽക്കാലിക വാച്ചറായ അച്ചപ്പന്റെ ഭാര്യയാണ് മരിച്ച രാധ. കാപ്പി പറിക്കാൻ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നതെന്നാണു വിവരം. നൂറ് മീറ്ററോളം രാധയുടെ മൃതദേഹം കടുവ വലിച്ചുകൊണ്ടു പോയി. പകുതി ഭക്ഷിച്ച നിലയിലാണ് വനത്തോടു ചേർന്നു തണ്ടർബോൾട്ട് സംഘം മൃതദേഹം കണ്ടെത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group