ബെംഗളൂരു ∙ തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മംഗളൂരു പൊലീസ് വെടിവച്ചു വീഴ്ത്തി. മംഗളൂരു ഉള്ളാൾ കൊട്ടേക്കർ സഹകരണ ബാങ്ക് കവർച്ച കേസിലെ പ്രതിക്കാണ് വെടിയേറ്റത്. തെളിവെടുപ്പിനിടെ മുംബൈ സ്വദേശി കണ്ണൻ മണിയാണ് പൊലീസിനെ അതിക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. തെളിവെടുപ്പിനിടെ പൊലീസിനെ ബീയർ ബോട്ടിൽ പൊട്ടിച്ച് കുത്തി രക്ഷപ്പെടാനാണ് ഇയാൾ ശ്രമിച്ചത്. പ്രതിയുടെ കാലിൽ വെടിവച്ച് വീഴ്ത്തിയ പൊലീസ് പിന്നീട് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്‍പ്പെടുത്തുകയായിരുന്നു. കാലിനു പരുക്കേറ്റ പ്രതിയെയും ആക്രമണശ്രമത്തിൽ പരുക്കേറ്റ മൂന്ന് പൊലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുംബൈ, തമിഴ്നാട് എന്നിവിടങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന മോഷ്ടാവാണ് വെടിയേറ്റ കണ്ണൻ മണി. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നാണ് ഇയാളെയും കൂട്ടാളികളെയും പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ള രണ്ടു പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പിടികൂടിയപ്പോൾ പ്രതികളുടെ കയ്യിൽനിന്ന് ഒരു വാളും രണ്ടു തോക്കുകളും മോഷ്ടിച്ച സ്വർണത്തിന്‍റെയും പണത്തിന്‍റെയും ഒരു പങ്കും കണ്ടെടുത്തിരുന്നു. കേസിലെ മറ്റു രണ്ടു പ്രതികളും പ്രദേശവാസികളാകാൻ സാധ്യതയെന്നാണ് പൊലീസ് നിഗമനം. ഇവരുടെ വിവരങ്ങൾ പിടിയിലായ പ്രതികളെ ചോദ്യം ചെയ്യുന്നതിൽനിന്നു കണ്ടെത്താമെന്നാണ് പൊലീസ് കരുതുന്നത്.
ജനുവരി 17ന് മംഗളുരുവിലെ ഉള്ളാളിലെ സഹകരണ ബാങ്കിൽ പട്ടാപ്പകൽ 12 കോടിയോളം മതിപ്പ് വില വരുന്ന സ്വർണവും 5 ലക്ഷം രൂപയുമാണ് കണ്ണൻ മണിയും സംഘവും കൊള്ളയടിച്ചത്. ബാങ്ക് ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി ആയിരുന്നു മോഷണം.