Home Featured ബെംഗളൂരുവിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; 3 മലയാളികൾ അറസ്റ്റിൽ

ബെംഗളൂരുവിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; 3 മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: സ്വകാര്യ പണമിടപാട് സ്ഥാപനത്തെ ഭീഷണിപ്പെടുത്തി അഞ്ച് കോടി തട്ടാൻ ശ്രമിച്ച കേസിൽ മൂന്ന് മലയാളികളെ അറസ്‌റ്റ് ചെയ്‌ത്‌ ബെംഗളൂരു പോലീസ്. തൃശൂർ സ്വദേശികളായ ചാൾസ് മാത്യൂസ്, ബിനോജ്, കോഴിക്കോട് സ്വദേശി ശക്തിധരൻ പനോളി എന്നിവരാണ് പിടിയിലായത്. കോഴിക്കോട് തൃശൂർ, കൊച്ചി ജില്ലകളിലായി നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇവർ പിടിയിലായത്.ചാൾസ് മാത്യൂസിനെയും ബിനോജിനെയും എറണാകുളത്ത് വച്ചാണ് അറസ്‌റ്റ് ചെയ്‌തത്‌. ശക്തിധരനെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. ബെംഗളുരു കൊമേഴ്സ്യൽ സ്ട്രീറ്റ് പോലീസാണ് പ്രതികളെ പിടികൂടിയത്. ബെംഗളൂരു അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയാണ് (ഐസിസിഎസ്‌എൽ) പരാതി നൽകിയത്.

അറസ്‌റ്റിലായ ചാൾസ് മാത്യുസും ബിനോജും ഈ സ്ഥാപനത്തിന്റെ തൃശൂരിലെ റീജണൽ ഓഫീസിലെ മുൻ ജീവനക്കാരായിരുന്നു. ഇതിൽ ചാൾസ് മാത്യു മുൻ ഡെപ്യൂട്ടി ജനറൽ മാനേജരുടെയും ബിനോജ് ലോൺ വിഭാഗത്തിലെ മാനേജരുടെയും ചുമതലയിലാണ് പ്രവർത്തിച്ചിരുന്നത്. ഇവർ സ്ഥാപനം വിട്ടശേഷം ഈ കേസിലെ കൂട്ടു പ്രതിയായ ശക്തിധരൻ പാനോളിയെ കൂട്ട് പിടിച്ച് ഇടനിലക്കാർ മുഖാന്തരം അഞ്ച് കോടി രൂപ ആവശ്യപ്പെടുന്ന ദൃശങ്ങൾ ഉൾപ്പെടെ കേസിൽ ഹാജരാക്കിയിട്ടുണ്ട്.

ഐസിസിഎസ്എല്ലിന്റെ അതേ പേരിൽ പ്രതികൾ ഒരു വ്യാജ വെബ് സൈറ്റ് സൃഷ്‌ടിക്കുകയും അതിലൂടെ പൊതുജനങ്ങളെയും സ്ഥാപനത്തിലെ നിക്ഷേപകർ ഉൾപ്പെടെയുള്ള അംഗങ്ങളെയും തെറ്റിധരിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വിടുകയും ചെയ്‌തിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഈ വെബ് സൈറ്റ് സൃഷ്‌ടിച്ചിരിക്കുന്നത് ഓസ്ട്രേലിയയിൽ നിന്നാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഭാരതീയ ന്യായസംഹിത പ്രകാരം തട്ടിപ്പ്, വ്യാജ രേഖ ചമക്കൽ, ബ്ലാക്ക് മെയിലിങ്ങ്, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾക്ക് പുറമെ ഐടി ആക്‌ടിലെ വിവിധ വകുപ്പുകളും ചേർത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. ഈ കേസിൽ അടിയന്തര നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഉത്തരവിട്ടതോടെയാണ് പോലീസ് അറസ്‌റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നത്.

ചാൾസും ബിനോജും ഐസിസിഎസ്എല്ലിൽ പ്രവർത്തിക്കുമ്പോൾ തന്നെ, തൃശൂരിലെ മറ്റൊരു സമാന ധനകാര്യ സ്ഥാപനത്തിനു വേണ്ടി കമ്പനിയുടെ സുപ്രധാന രേഖകൾ ഉൾപ്പെടെ ചോർത്തി നൽകിയെന്നും, കമ്പനിയെ തകർക്കാൻ വേണ്ടി നിക്ഷേപകരുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലേക്ക് വ്യാജ പ്രചരണങ്ങൾ നടത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്. ഇതോടെ നിക്ഷേപകരിൽ ഒരു വിഭാഗം പരിഭ്രാന്തരാവുകയും സ്ഥാപനത്തിന്റെ വിവിധ ശാഖകളിൽ ആദായ നികുതി റെയ്‌ഡ്‌ ഉൾപ്പെടെ നടക്കുകയും ചെയ്‌തു.

തുടർന്ന് 1400 കോടിയോളം രൂപയുടെ നിക്ഷേപം ആശങ്കയിലായ നിക്ഷേപകരുടെ ആവശ്യപ്രകാരം കമ്പനി തിരിച്ചു നൽകിയിരുന്നു. ഈ രേഖകളും കേസിൽ ഹാജരാക്കിയിട്ടുണ്ട്. ചാൾസും ബിനോജും നിലവിൽ തൃശൂരിലെ മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ സുപ്രധാന ചുമതലകൾ വഹിച്ചു വരികയാണ്. ഇന്ത്യൻ കോപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിക്ക് എതിരെ വ്യാജ പ്രചരണങ്ങൾ നടത്തുന്നത് വിലക്കി കൊണ്ട് കഴിഞ്ഞ വർഷം സെപ്റ്റംബർ 21ന് ബെംഗളുരു പ്രിൻസിപ്പൽ സിറ്റി സിവിൽ കോടതി ഉത്തരവിട്ടിട്ടുള്ളതാണ്.

ഈ കേസിലും കോടതിയലക്ഷ്യത്തിന് ശക്തിധരൻ പനോളിക്ക് എതിരെ കോടതി നോട്ടീസ് അയച്ചിരുന്നു. ഇക്കാര്യവും അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ കോടതിയിൽ വാദിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു

.ചാൾസിനും ബിനോജിനും ശക്തിധരനും പുറമെ, ബെംഗളുരു സ്വദേശിയായ സുധീർ ഗൗഡയും ഇപ്പോൾ കൊമേഴ്സ്യൽ സ്ട്രീറ്റ് കോടതിയിൽ ഫയൽ ചെയ്‌ത കേസിൽ കൂട്ടു പ്രതിയാണ്. കേന്ദ്ര കോപ്പറേറ്റീവ് നിയമപ്രകാരം 26 വർഷമായി പ്രവർത്തിക്കുന്ന ഐസിസിഎസ്എല്ലിന് എഴ് സംസ്ഥാനങ്ങളിലായി 104 ശാഖകളാണ് ഉള്ളത്.ബെംഗളുരു സ്വദേശിയായ ആർ വെങ്കിട്ടരമണയാണ് സൊസൈറ്റിയുടെ മാനേജിങ് ഡയറക്‌ടർ. മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെ പ്രേരണയിൽ തെറ്റായ പ്രചരണം നടത്തുന്നവർ ആരായാലും അവർക്ക് എതിരെയും കർശനമായ നിയമ നടപടി സ്വീകരിക്കുമെന്നാണ് കമ്പനിയുടെ ബെംഗളുരുവിലെ കോർപ്പറേറ്റ് ഓഫീസ് അറിയിച്ചിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ സ്ഥാപനത്തിൽ നിന്നും വൻതുകകൾ ലോണെടുത്ത് തിരിച്ചടക്കാത്തവർക്ക് എതിരെ ജപ്‌തി നടപടികൾ ഉൾപ്പെടെ ആരംഭിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group