ബെംഗളൂരു∙ അപകടങ്ങളും ഗതാഗതക്കുരുക്കും കുറയ്ക്കാൻ ലക്ഷ്യമിട്ട് ഇലക്ട്രോണിക് സിറ്റി വെസ്റ്റ്ഫേസിലെ റോഡുകളിൽ 20 മുതൽ ജനുവരി 3 വരെ ഗതാഗതം ഒരു ഭാഗത്തേക്ക് (വൺവേ) മാത്രമായി നിയന്ത്രിക്കും. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി വിജയിച്ചാൽ സ്ഥിരമാക്കും. ഇൻഫോസിസ്, വിപ്രോ, ടിസിഎസ് ഉൾപ്പെടെയുള്ള ഐടി കമ്പനികളുള്ള വെസ്റ്റ് ഫേസിലെ റോഡുകളിൽ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് പതിവാണ്. ഇലക്ട്രോണിക് സിറ്റി ടോൾ പ്ലാസയിലേക്കുള്ള റോഡിലും സമാന അവസ്ഥയാണ്. പ്രത്യേക സാമ്പത്തിക മേഖലയായ ഇവിടെ ഇലക്ട്രോണിക് സിറ്റി ടൗൺഷിപ് അതോറിറ്റിയുടെ (എലിസിറ്റ) നിയന്ത്രണത്തിലാണ് 24 കിലോമീറ്റർ റോഡ്. 10 സോണുകളായി തിരിച്ചാണ് ട്രാഫിക് മാർഷൽമാരുടെ നേതൃത്വത്തിൽ ഈ റോഡുകളിലെ ഗതാഗതം നിയന്ത്രിക്കുന്നത്.
വൺവേ നിയന്ത്രണം ഈ റോഡുകളിൽ
എസ്ബിഐ ടോൾ പ്ലാസ മുതൽ ആർഎസ് ജംക്ഷൻ, യോക്കോഗാവ മുതൽ സീമെൻസ്, ദൊഡ്ഡത്തോഗുരു റോഡ് മുതൽ ഒട്ടേറ ജംക്ഷൻ, ആർഎസ് ജംക്ഷൻ മുതൽ നിയോ ടൗൺ, പാരാമൗണ്ട് മുതൽ ബിഎച്ച്ഇഎൽ എന്നിവിടങ്ങളിലാണ് നിയന്ത്രണം. മറ്റു റോഡുകളിൽ ഇരുവശത്തേക്കും ഗതാഗതം അനുവദിച്ചിട്ടുണ്ട്.