ബെംഗളൂരു: ലക്കി ഭാസ്കർ സിനിമയിലെ ദുൽഖർ സൽമാന്റെ കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പണക്കാരനകാൻ തുനിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ. ലക്ഷ്യം നിറവേറ്റനായി നാല് പേരാണ് ഹോസ്റ്റലിന്റെ മതിൽ ചാടിയത്.ചരൺ തേജ, രഘു, കാർത്തിക്, കിരൺ കുമാർ എന്നിവരാണ് മഹാറാണിപ്പേട്ടിലെ ഹോസ്റ്റലിൽ നിന്ന് കാണാതായത്. ഇവർ നാല് പേരും ലക്കി ഭാസ്കർ കണ്ടിരുന്നുവെന്നും ഇതിൽ ആകൃഷ്ടരായാണ് ഹോസ്റ്റൽ ചാടിയതെന്നും സഹപാഠികൾ പറഞ്ഞു. സ്വന്തമായി പണം സമ്പാദിച്ച് കാറും വീടും വാങ്ങിയ ശേഷം മാത്രമേ തിരികെ വരൂവെന്ന് നാല് പേരും സഹപാഠികളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നാലവർ സംഘത്തിന്റെ ഒളിവിൽ പോക്ക്.
കുട്ടികളിലൊരാൾ വീട്ടിൽ നിന്ന് 12,000 രൂപ ഹോസ്റ്റൽ ഫീസ് നൽകാനെന്ന് പറഞ്ഞ് വാങ്ങിയിരുന്നു. ഇതിൽ 8,000 രൂപ ഹോസ്റ്റലിൽ അടയ്ക്കുകയും ചെയ്തു. ശേഷിക്കുന്ന പണം ഉപയോഗിച്ചാണ് കുട്ടികൾ മുങ്ങിയിരിക്കുന്നത്. ഹോസ്റ്റൽ ചാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ഹോസ്റ്റൽ അധികൃതർ വിവരമറിയിച്ചതിന് പിന്നാലെ മാതാപിതാക്കൾ വിശാഖപട്ടണം പൊലീസിൽ പരാതി നൽകി. കുട്ടികൾക്ക് ഹോസ്റ്റലിൽ മറ്റ് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.