ബെംഗളൂരു : സംസ്ഥാന നിയമസഭയുടെ പത്ത് ദിവസത്തെ ശീതകാല സമ്മേളനത്തിന് ബെലഗാവിയിലെ സുവർണ വിധാൻസൗധയിൽ തുടക്കമായി .മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ മുഡ ഭൂമിയിടപാട് കേസും വഖഫ് ബോർഡ് ഭൂമിയേറ്റെടുക്കുന്നതിലെ പ്രതിഷേധവും ബല്ലാരി ജില്ലാ ആശുപത്രിയിലെ മാതൃമരണങ്ങളും സഭയെ പ്രക്ഷുബ്ധമാക്കിയേക്കും. ഈ വിഷയങ്ങൾ സഭയിലുന്നയിക്കാനൊരുങ്ങിയാണ് ബി.ജെ.പി.യും ജെ.ഡി.എസുമെത്തുന്നതെന്നാണ് സൂചന.പ്രധാനപ്പെട്ട അഞ്ചു ബില്ലുകൾ ഇത്തവണ സഭയിലെത്തും.
കർണാടക യൂണിവേഴ്സിറ്റി അമെൻഡ്മെന്റ് ബിൽ, ബസവന ബാഗെവാഡി ഡിവലപ്മെന്റ് അതോറിറ്റി ബിൽ, റൂറൽ ഡിവലപ്മെന്റ് ആൻഡ് പഞ്ചായത്ത് രാജ് യൂണിവേഴ്സിറ്റി അമൻമെന്റ് ബിൽ, കർണാടക ലേബർ വെൽഫെയർ ഫണ്ട് അമെൻഡസ്മെന്റ് ബിൽ, കർണാടക ടൂറിസം റോപ് വേ ബിൽ എന്നിവയാണവ.ഇതിൽ റൂറൽ ഡിവലപ്മെന്റ്റ് ആൻഡ് പഞ്ചായത്തീരാജ് യൂണിവേഴ്സിറ്റി അമൻഡ്മെന്റ് ബിൽ സഭയെ പ്രക്ഷുബ്ധമാക്കിയേക്കും.ഗദഗിലെ കർണാടക സ്റ്റേറ്റ് റൂറൽ ഡിവലപ്മെന്റ് ആൻഡ് പഞ്ചായത്തീരാജ് യൂണിവേഴ്സിറ്റിയുടെ ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ മാറ്റി മുഖ്യമന്ത്രിയെ ചാൻസലറാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലാണിത്. കോൺഗ്രസ് സർക്കാരും ഗവർണറും തമ്മിലുള്ള ശീതസമരത്തിന്റെ ഭാഗമായാണ് ബിൽ കൊണ്ടുവരുന്നതെന്ന് വിലയിരുത്തലുണ്ട്.
മുഡ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയതോടെ തുടങ്ങിയ ശീതസമരമാണിത്.ഇവ കൂടാതെ മൂന്ന് സ്വകാര്യ ബില്ലുകളും രണ്ട് ഓർഡിനൻസുകൾക്ക് പകരം നിയമമാക്കാനുള്ള ബില്ലുകളും സഭയിലെത്തും. സ്വകാര്യബില്ലുകളിലൊന്ന് കർണാടകത്തിലെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടാണ്.ദർശൻ പുട്ടണയ്യയാണ് ബിൽ കൊണ്ടുവരുന്നത്.മഹാത്മാഗാന്ധിയുടെ അധ്യക്ഷതയിൽ 1924-ൽ ബെലഗാവിയിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിൻ്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ഗാന്ധിജിയെപ്പറ്റി നൂറ് ചിത്രങ്ങളുടെ പ്രദർശനം ഇത്തവണ സുവർണ വിധാൻ സൗധയിലൊരുക്കുന്നുണ്ട്.