കാലം തെറ്റിയ കാലാവസ്ഥമൂലം ബംഗളൂരുവില്‍ പകർച്ചപ്പനി പടരുന്നു. ആശുപത്രികളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തില്‍ 30 ശതമാനം വർധനവുണ്ടായതായാണ് കണക്ക്.കുട്ടികള്‍ക്കും മുതിർന്നവർക്കുമാണ് കൂടുതലായും പനി ബാധിക്കുന്നത്.പനി, ചുമ, ജലദോഷം, തലവേദന, ശ്വാസകോശ അണുബാധ എന്നീ ലക്ഷണങ്ങളുള്ള പകർച്ചപ്പനി വളരെ പെട്ടെന്നാണ് പകരുന്നത്. ബംഗളൂരുവില്‍ ഡെങ്കിപ്പനിയുടെ നിരക്ക് കുറഞ്ഞെങ്കിലും ന്യൂമോണിയ, പകർച്ചപ്പനി എന്നിവ വർധിക്കുന്നുണ്ട്. ലക്ഷണങ്ങളുണ്ടെങ്കില്‍ നിസ്സാരമായി കാണരുതെന്ന് ഡോക്ടർമാർ പറയുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ വൈദ്യസഹായം തേടുക,കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ നശിപ്പിക്കുക,കൊതുകുവല ഉപയോഗിക്കുക,കുട്ടികളുടെ വസ്ത്രം ശ്രദ്ധിക്കുക,പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക,കൈകള്‍ നന്നായി കഴുകുക മാസ്ക് ഉപയോഗിക്കുക
ട്രാഫിക് സിഗ്നലില്‍ ഓണം റീല്‍ ഷൂട്ട്; നടപടിയെടുക്കണമെന്ന് നെറ്റിസണ്‍സ്
ബംഗളൂരുവില്‍ ട്രാഫിക് സിഗ്നലില്‍ ഓണം റീല്‍ ഷൂട്ട് നടത്തിയതിന് യുവാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമത്തില്‍ വിവാദം.തിരുവോണ ദിവസത്തിലാണ് ‘മലബാരി ബോയ്സ്’ എന്ന പേരില്‍ ഒരുകൂട്ടം യുവാക്കള്‍ നഗരത്തിലെ തിരക്കേറിയ ട്രാഫിക് സിഗ്നലില്‍ റീല്‍ ഷൂട്ട് നടത്തിയത്. മലബാരി ബോയ്സ് ഫ്രം സൗത്ത് സൈഡ് എന്ന തലക്കെട്ടില്‍ പങ്കുവെച്ച റീല്‍ ഇതിനകം ഏഴു ലക്ഷം പേർ കണ്ടുകഴിഞ്ഞു. ഇതോടൊപ്പം എക്സില്‍ ചൂടേറിയ ചർച്ചക്കും സംഭവം വഴിവെച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവർമാരാണിത് ചെയ്തിരുന്നതെങ്കില്‍ അവരിപ്പോള്‍ ജയിലിലായേനെയെന്നാണ് ഒരു എക്സ് ഉപഭോക്താവ് ബംഗളൂരു സിറ്റി ട്രാഫിക് പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് പറഞ്ഞത്.
സീബ്ര ക്രോസിങ് തടസ്സപ്പെടുത്തിയതിന് നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നവരുണ്ട്. നഗരത്തില്‍ വർധിച്ചുവരുന്ന ട്രാഫിക് പ്രശ്നങ്ങള്‍ക്കിടയില്‍ ഇതൊരു മാതൃകയായി കണ്ട് കൂടുതല്‍ പേർ ഇത്തരത്തില്‍ ഷൂട്ടിങ്ങിനിറങ്ങുമോയെന്ന ആശങ്കയാണ് പലരും പങ്കുവെക്കുന്നത്. അതേസമയം, സിഗ്നലില്‍ ചുവപ്പ് ലൈറ്റ് കത്തിയ സമയത്ത് നിർത്തിയിട്ട വാഹനങ്ങള്‍ക്ക് മുന്നില്‍നിന്ന് റീലെടുത്തതിന് എന്തിനാണ് നടപടിയെടുക്കുന്നതെന്ന് ചോദിച്ച് മറുവിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.
ഗതാഗതം തടസ്സപ്പെടുത്തിയിട്ടില്ലെങ്കില്‍ പിന്നെയെങ്ങനെ നടപടിയെടുക്കുമെന്നും അവർ ചോദിക്കുന്നു. ട്രാഫിക് സിഗ്നലിലെ ലൈറ്റ് ചുവപ്പായതുകൊണ്ടാണ് വാഹനങ്ങള്‍ നിർത്തിയിട്ടതെന്നും അല്ലെങ്കില്‍ ബംഗളൂരുവിലുള്ള ആരും ഇത്ര ക്ഷമയോടെ കാത്തുനില്‍ക്കില്ലെന്നും സംഭവത്തെ അനുകൂലിച്ചുകൊണ്ട് ഒരു എക്സ് ഉപഭോക്താവ് പറയുന്നു. എന്തായാലും തിരുവോണ ദിനത്തിലെ റീല്‍ മേക്കിങ് എക്സില്‍ ചൂടേറിയ ചർച്ചയായിട്ടുണ്ട്.