ബംഗളുരു: സംസ്ഥാനത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നിയമനടപടികൾ കുടുതൽ ശക്തമാക്കാനൊരുങ്ങി കർണാടക. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ജാമ്യമില്ലാതാക്കുന്നതിനും പത്ത് വർഷം മുതൽ ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന തരത്തിലുള്ള നിയമഭേദഗതിയെപ്പറ്റി പരിഗണിക്കുകയാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരുടെ അറിവില്ലാതെ മയക്കുമരുന്ന് വിൽപ്പന സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ ദൗത്യസംഘം രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചു. ആരോഗ്യ-കുടുംബക്ഷേമം, പ്രാഥമിക-ഉന്നത വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രിമാരും ടാസ്ക് ഫോഴ്സിലെ മറ്റ് അംഗങ്ങളും ഉൾപ്പെടും. സംസ്ഥാനത്തെ അനധികൃത മയക്കുമരുന്ന് വ്യാപാരം തടയാൻ ആരംഭിച്ച നടപടികളുടെ പുരോഗതി അവലോകനം ചെയ്യാൻ എല്ലാ മാസവും യോഗം ചേരുവാനും തീരുമാനമായി.
ഹരിയാന, ഒഡീഷ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കർണാടകയിലേക്ക് മയക്കുമരുന്ന് കൂടുതലായി എത്തുന്നതെന്നനും സിദ്ധരാമയ്യ പറഞ്ഞു. ടാബ്ലെറ്റുകളുടെ രൂപത്തിൽ നിയമവിരുദ്ധമായ സിന്തറ്റിക് മരുന്നുകൾ വ്യാപകമാകുന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.എൻസിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കേഡറ്റുകൾ, എൻഎസ്എസ് വോളന്റിയർമാർ, റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ എന്നിവരെയും നിയമവിരുദ്ധ മയക്കുമരുന്നുകൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ അണിനിരത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കർണാടകയിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ 50 ശതമാനവും ബെംഗളൂരുവിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് മംഗലാപുരമാണ്.