Home Featured ബംഗളൂരു സിലിക്കണ്‍വാലി മാതൃകയില്‍ ടൗണ്‍ഷിപ്പിന് നീക്കവുമായി കേന്ദ്രം;എതിര്‍പ്പുമായി കര്‍ണാടക

ബംഗളൂരു സിലിക്കണ്‍വാലി മാതൃകയില്‍ ടൗണ്‍ഷിപ്പിന് നീക്കവുമായി കേന്ദ്രം;എതിര്‍പ്പുമായി കര്‍ണാടക

ഇന്ത്യയുടെ സിലിക്കണ്‍വാലിയെന്നാണ് ബംഗളൂരു അറിയപ്പെടുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ മറ്റൊരു അഭിപ്രായമാണെന്ന സൂചനകളാണ് വാണിജ്യ മന്ത്രി പീയുഷ് ഗോയലില്‍ നിന്ന് വരുന്നത്.സിലിക്കണ്‍വാലി മാതൃകയില്‍ പുതിയൊരു വിശാലമായ ടൗണ്‍ഷിപ്പ് വേണമെന്ന് പീയുഷ് ഗോയല്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമായി വലിയൊരു ടൗണ്‍ഷിപ്പിന്റെ ആലോചനകള്‍ നടക്കുന്നുവെന്ന സൂചനയും ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ മന്ത്രി നല്‍കിയിരുന്നു.

ബംഗളൂരു ഇന്ത്യയുടെ ടെക് തലസ്ഥാനമാണെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്നും എന്നാല്‍ ഭാവികാലത്തിന്റെ ആവശ്യതകള്‍ നിര്‍വഹിക്കാന്‍ കഴിയുന്നതും വലുതുമായ ഒരു ടൗണ്‍ഷിപ്പിന്റെ ആലോചനയിലാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനുമായി (NICDC) സഹകരിച്ച്‌ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും അനുയോജ്യമായ ടൗണ്‍ഷിപ്പിനെക്കുറിച്ച്‌ ചിന്തിച്ചു തുടങ്ങേണ്ട സമയമാണിതെന്നാണ് മന്ത്രിയുടെ പക്ഷം.

ബിഹാര്‍, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ 20 പുതിയ വ്യാവസായിക ടൗണ്‍ഷിപ്പുകള്‍ എന്‍.ഐ.സി.ഡി.സിയുമായി ചേര്‍ന്ന് കേന്ദ്രം വികസിപ്പിക്കുന്നുണ്ട്.

ടൗണ്‍ഷിപ്പ് വന്നാല്‍ സംരംഭകര്‍ക്ക് നേട്ടം:സിലിക്കണ്‍വാലി പോലെ ടൗണ്‍ഷിപ്പ് വരുന്നത് സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും വലിയ ഗുണം ചെയ്യും. ഇന്ത്യയില്‍ നിന്നുള്ള യുവസംരംഭകരും സ്റ്റാട്ടര്‍പ്പുകളും ബിസിനസ് തുടങ്ങാന്‍ വിദേശത്തേക്ക് പോകുന്ന പ്രവണത ഒരുപരിധി വരെ തടയാന്‍ ഇതുവഴി സാധിക്കും. ലോകത്തെ വന്‍കിട ടെക് കമ്ബനികളെല്ലാം സിലിക്കണ്‍വാലിയില്‍ എത്തിപ്പെട്ടപ്പോള്‍ സംഭവിച്ചതുപോലൊരു വളര്‍ച്ച ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ടൗണ്‍ഷിപ്പ് വഴി സാധ്യമാകും.

രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും രണ്ടാംഘട്ടത്തില്‍ കാര്യമായ പിന്തുണ നേടിയെടുക്കുന്നതിലും മുന്നോട്ടു പോകുന്നതിലും പലരും പരാജയപ്പെടുന്നു. ആശയങ്ങള്‍ക്ക് ആവശ്യമായ ഫണ്ടിംഗ്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കി നല്‍കുന്നതില്‍ പലപ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങളും പരാജയപ്പെടുന്നുണ്ട്.

ഈ അവസരത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമായി എല്ലാവിധ സൗകര്യങ്ങളോടു കൂടിയ ടൗണ്‍ഷിപ്പ് വരുന്നത് ഗുണംചെയ്യും. 200 ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന ടൗണ്‍ഷിപ്പാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതെന്ന സൂചനകളും മന്ത്രി നല്‍കിയിരുന്നു.

എതിര്‍പ്പുമായി കര്‍ണാടക: അതേസമയം, പീയുഷ് ഗോയലിന്റെ സിലിക്കണ്‍വാലി പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക രംഗത്തെത്തിയിട്ടുണ്ട്. ബംഗളൂരുവും ഇന്ത്യയില്‍ തന്നെയാണെന്നായിരുന്നു സംസ്ഥാന വ്യവസായ മന്ത്രി എം.ബി പാട്ടീലിന്റെ പ്രതികരണം. ഒരൊറ്റ ദിവസം കൊണ്ട് കെട്ടിപ്പൊക്കിയതല്ല ബംഗളൂരുവെന്നും പതിറ്റാണ്ടുകളുടെ ശ്രമഫലമാണെന്നുമായിരുന്നു മന്ത്രി എക്‌സില്‍ കുറിച്ചത്. ബംഗളൂരുവിന്റെ പുറത്തായിരിക്കണം സിലിക്കണ്‍വാലി മാതൃകയിലുള്ള ടൗണ്‍ഷിപ്പെന്ന ഗോയലിന്റെ പരാമര്‍ശമാണ് കര്‍ണാടക സര്‍ക്കാരിനെ ചൊടിപ്പിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group