Home Featured കേന്ദ്ര സർക്കാരിൻ്റെ അന്യായമായ ഫണ്ട് വിഭജനം; 8 മുഖ്യമന്ത്രിമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സിദ്ധരാമയ്യ

കേന്ദ്ര സർക്കാരിൻ്റെ അന്യായമായ ഫണ്ട് വിഭജനം; 8 മുഖ്യമന്ത്രിമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സിദ്ധരാമയ്യ

കേന്ദ്ര സർക്കാരിന്‍റെ അന്യായമായ നികുതി വിഭജനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ധനകാര്യ ഫെഡറലിസത്തിന്‍റെ വിഷയങ്ങളിൽ കൂട്ടായ ചർച്ച നടത്താന്‍ ബെംഗളൂരുവിൽ കോൺക്ലേവ് നടത്താന്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിമാരെ ക്ഷണിച്ചു. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്‌ട്ര, ഗുജറാത്ത്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് സിദ്ധരാമയ്യ കത്തയച്ചത്.ബിജെപി, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളാണിത്. കർണാടകയെപ്പോലെ ആളോഹരി ജിഎസ്‌ഡിപി കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കുറഞ്ഞ നികുതി വിഹിതം, അത്തരം സംസ്ഥാനങ്ങളെ സാമ്പത്തികമായി പിന്നോട്ടടിക്കുമെന്ന് സിദ്ധരാമയ്യ കത്തില്‍ പറഞ്ഞു.

അന്യായമായ ഈ സമീപനം ഫെഡറലിസത്തിന്‍റെ ആത്മാവിനെ ദുർബലപ്പെടുത്തുമെന്നും പുരോഗമിക്കുന്ന സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണത്തെ തകര്‍ക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.രാജ്യത്തിന്‍റെ ജിഡിപിയിലും മൊത്ത നികുതി വരുമാനത്തിലും ശക്തമായി സംഭാവന നല്‍കുന്ന സംസ്ഥാനങ്ങള്‍ പലവഴികളില്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാണ്. അതിനാൽ രാഷ്‌ട്രീയമായും സാമ്പത്തികമായും ശക്തമായ ഒരു യൂണിയന് വേണ്ടി ഇക്വിറ്റി സന്തുലിതമാക്കേണ്ടത് അടിയന്തര ആവശ്യമാണെന്നും സിദ്ധരാമയ്യ കത്തില്‍ പറയുന്നു.അതേസമയം പതിനാറാം ധനകാര്യ കമ്മിഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി അഞ്ച് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ ഏകദിന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് ആരംഭിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌ത ചടങ്ങിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷനായി. തെലങ്കാന ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഭട്ടി വിക്രമർക്ക മല്ലു, കർണാടക റവന്യൂ മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡ, പഞ്ചാബ് ധനമന്ത്രി ഹർപാൽ സിങ് ചീമ, തമിഴ്‌നാട് ധനമന്ത്രി തങ്കം തെന്നരസു തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group