Home Featured ബെംഗളൂരു : ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ അക്രമം;നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ് .

ബെംഗളൂരു : ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ അക്രമം;നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ് .

ബെംഗളൂരു : മാണ്ഡ്യയിലെ നാഗമംഗലയിൽ ഗണേശോത്സവത്തിന്റെ ഭാഗമായി നടന്ന വിഗ്രഹനിമജ്ജന ഘോഷയാത്രയ്ക്കിടെ അക്രമം. ഘോഷയാത്രയുടെ നേർക്ക് കല്ലേറുണ്ടായി. ആളുകളെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. 25-ഓളം കടകൾക്കും വാഹനങ്ങൾക്കും അക്രമികൾ തീയിട്ടു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. പ്രദേശത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്കൂ‌ളുകൾക്ക് അവധി നൽകി.ബുധനാഴ്ച‌ രാത്രി ഒൻപതു മണിയോടെ മൈസൂരു-നെലമംഗല റോഡിൽ നടന്ന ഘോഷയാത്രയ്ക്കിടെയാണ് അക്രമമുണ്ടായത്. പ്രദേശത്തെ ദർഗയുടെ മുൻപിൽ ഘോഷയാത്രയെത്തിയപ്പോൾ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാകുകയായിരുന്നു.

ഇതിനിടെയാണ് കല്ലേറുണ്ടായത്. തുടർന്ന് ഘോഷയാത്രയിലുണ്ടായിരുന്നവർ നാഗമംഗല പോലീസ് സ്റ്റേഷനുമുൻപിൽ പ്രതിഷേധിച്ചു. ഇതിനിടെയാണ് കടകൾക്കും വാഹനങ്ങൾക്കും തീയിട്ടത്. കൂടുതൽ പോലീസെത്തി ആളുകളെ പിരിച്ചുവിട്ട് സംഘർഷത്തിന് അയവുവരുത്തി. ഈ വഴിക്കുള്ള ഗതാഗതം പോലീസ് തടഞ്ഞു. വാഹനങ്ങളെ ബിന്ദിഗാനവിലെ-ബൊഗാഡി റോഡുവഴി തിരിച്ചുവിട്ടു. അക്രമങ്ങളിൽ 50 പേരെ അറസ്റ്റുചെയ്‌തതായി പോലീസ് അറിയിച്ചു. അറസ്റ്റു ചെയ്‌തവരുടെ ബന്ധുക്കൾ വ്യാഴാഴ്‌ച രാവിലെ പോലീസ് സ്റ്റേഷന് മുൻപിലെത്തിയത് വീണ്ടും സംഘർഷസാധ്യതയുണ്ടാക്കി.

ഇരുവിഭാഗങ്ങളിലുമുള്ള സ്ത്രീകളുൾപ്പെടെയുള്ളവരാണ് നാഗമംഗല ടൗൺ പോലീസ് സ്റ്റേഷനു മുൻപിലെത്തിയത്. അറസ്റ്റു ചെയ്തവരെ വിട്ടയക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പിന്നീട് പോലീസ് ഇവരെ തിരിച്ചയച്ചു. മാണ്ഡ്യ പോലീസ് സൂപ്രണ്ട് മല്ലികാർജുന ബാലദൻഡി, ദക്ഷിണ മേഖലാ ഐ.ജി. ബൊറലിംഗയ്യ, ഡെപ്യൂട്ടി കമ്മിഷണർ കുമാർ എന്നിവർ സ്ഥലത്തെത്തി. ജില്ലയുടെ ചുമതലയുള്ള മന്ത്രി എൻ. ചലുവരായസ്വാമി സ്ഥലം സന്ദർശിച്ചു.ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെയുണ്ടായ അക്രമം സമൂഹത്തിൽ സമാധാനം തകർക്കാൻ ശ്രമിക്കുന്നവരാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

മതങ്ങളുടെ പേരിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്നും പറഞ്ഞു. കോൺഗ്രസ് സർക്കാരിൻ്റെ പ്രീണന നയമാണ് സംഭവത്തിനുപിന്നിലെന്ന് പ്രതിപക്ഷനേതാവ് ആർ. അശോക ആരോപിച്ചു.

ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതിക്ക് മക്കളെ വിദേശത്ത് കൊണ്ടുപോകാൻ അനുമതി

ഭർത്താവുമായി അകന്നുകഴിയുന്ന പ്രവാസി വനിതക്ക് മക്കളെ വിദേശത്തേക്ക് കൊണ്ടുപോകാൻ ഹൈകോടതിയുടെ അനുമതി. തൃശൂർ തളിക്കുളം സ്വദേശിനിയായ യുവതിക്കാണ് ഓട്ടിസവും പഠനവൈകല്യവുമുള്ള രണ്ട് പെണ്‍മക്കളെ യു.എ.ഇയിലേക്ക് കൊണ്ടുപോകാൻ ജസ്റ്റിസ് വി.ജി.അരുണ്‍ അനുമതി നല്‍കിയത്.2011 ജൂലൈയില്‍ വിവാഹിതരായ ഇവർ അബൂദബിയില്‍ ജോലി ചെയ്യുന്ന ഭർത്താവിനെതിരെ ഗാർഹികപീഡന കേസ് നല്‍കിയിട്ടുണ്ട്.

കുട്ടികളെ തന്നോടൊപ്പം നിർത്തി യു.എ.ഇയില്‍ പഠിപ്പിക്കണമെന്ന ആഗ്രഹമാണ് യുവതി കോടതിയെ അറിയിച്ചത്. സന്ദർശനവിസയില്‍ കുട്ടികള്‍ ഒരിക്കല്‍ വന്നെങ്കിലും 60 ദിവസം മാത്രമായിരുന്നു അനുമതി. സ്ഥിരം വിസക്ക് ശ്രമിച്ചപ്പോള്‍ ഭർത്താവില്‍നിന്നുള്ള എൻ.ഒ.സിയോ ഏതെങ്കിലും കോടതിയില്‍നിന്നുള്ള അനുമതിയോ വേണമെന്നായിരുന്നു ആവശ്യം. ഭർത്താവ് എൻ.ഒ.സി നല്‍കാതിരുന്നതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.

എന്നാല്‍, ഇതിനായി കുടുംബകോടതിയെയാണ് സമീപിക്കേണ്ടതെന്നായിരുന്നു ഭർത്താവിന്‍റെ വാദം. കുട്ടികളെ കൊണ്ടുപോയാല്‍ തന്നെ കാണാനോ സംസാരിക്കാനോ ഹരജിക്കാരി അനുവദിക്കില്ലെന്നും ജീവനാംശത്തിനടക്കം കേസ് നല്‍കാൻ സാധ്യതയുണ്ടെന്നുമുള്ള ആശങ്കയുമറിയിച്ചു. കുട്ടികളെ കാണുന്നതടക്കം തടയില്ലെന്നും കേസ് നല്‍കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കി യുവതി സത്യവാങ്മൂലം നല്‍കി.

പൗരന്മാരുടെ സുരക്ഷ രാജ്യം ഉറപ്പുവരുത്തണമെന്നും പൗരൻ സുരക്ഷിതനല്ലെന്ന് കണ്ടാല്‍ ഇടപെടണമെന്നുമാണ് ഭരണഘടനയില്‍ പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. അനിവാര്യമെങ്കില്‍ കോടതി ഇടപെടലിനും ഭരണഘടന അനുമതി നല്‍കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സുരക്ഷയാണ് ലക്ഷ്യമെന്നതിനാല്‍ കുട്ടികളുടെ രക്ഷാകർതൃത്വം സംബന്ധിച്ച തത്ത്വം പ്രകാരം കുട്ടികളെ മാതാവിനൊപ്പം വിടുന്നതായി കോടതി വ്യക്തമാക്കി. കുടുംബകോടതി ഉത്തരവുകളുണ്ടായാല്‍ പാലിക്കണം, കുട്ടികളുമായി ആശയവിനിമയം നടത്തുന്നതിനോ സന്ദർശിക്കുന്നതിനോ ഭർത്താവിനെ വിലക്കരുത് എന്നീ ഉപാധികളോടെയാണ് അനുമതി നല്‍കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group