Home Featured 70 വയസ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ ചികിത്സ,​ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

70 വയസ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ ചികിത്സ,​ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

എഴുപത് വയസ്സും അതിനുമുകളിലും പ്രായമുള്ള രാജ്യത്തെ എല്ലാ പൗരൻമാരേയും ദേശീയ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിന് കീഴിലാക്കി കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം. 70 വയസ്സും അതിന് മുകളിലും പ്രായമുള്ളവർക്ക് സൗജന്യമായി കുടുംബാടിസ്ഥാനത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.ഈ തീരുമാനം രാജ്യത്തുടനീളമുള്ള ആറ് കോടി മുതിർന്ന പൗരൻമാരുള്ള 4.5 കോടി കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 70 വയസ്സും അതിന് മുകളിലും പ്രായമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ തന്നെ AB PM-JAY യുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

നിലവിൽ ആയുഷ് ഭാരത് പദ്ധതിക്ക് കീഴിലുള്ള കുടുംബങ്ങളിലെ മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപയുടെ അധിക പരിരക്ഷയാകും ലഭിക്കുക. അധികമായി ലഭിക്കുന്ന അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ കുടുംബത്തിലെ 70 വയസ്സിന് താഴെയുള്ള അംഗങ്ങൾക്ക് പങ്കിടാനാവില്ല.കേന്ദ്ര ഗവൺമെന്റ് ഹെൽത്ത് സ്കീം (സിജിഎച്ച്എസ്), എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്), ആയുഷ്മാൻ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്) തുടങ്ങിയ മറ്റു പൊതു ആരോഗ്യ ഇൻഷുറൻസ് സ്കീമുകളുടെ ആനുകൂല്യങ്ങൾ ഇതിനകം ലഭിക്കുന്ന 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് നിലവിലുള്ള സ്കീമുകളിൽ തുടരുകയോ അല്ലെങ്കിൽ ആയുഷ്മാൻ ഭാരത് തിരഞ്ഞെടുക്കുകയോ ചെയ്യാം.

സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ അല്ലെങ്കിൽ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമിന് കീഴിലുള്ള 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.ആയുഷ്മാൻ ഭാരത് പദ്ധതിയിൽ നിലവിൽ 12.34 കുടുംബങ്ങളിലെ 55 കോടി ആളുകൾ പങ്കാളികളാണ്. 70 വയസ്സ് കഴിഞ്ഞ എല്ലാ പൗരൻമാരേയും സൗജന്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കഴിഞ്ഞ ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group