ബി.ജെ.പികാലത്തെ അഴിമതി കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്താൻ മന്ത്രിതല സമിതിക്ക് രൂപം നല്കി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.അഞ്ചംഗ സമിതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. വിവിധ അഴിമതി കേസുകളില്‍ സംസ്ഥാന സർക്കാറിന് കീഴിലുളള ഏജൻസികളുടെ അന്വേഷണ പുരോഗതി വിലയിരുത്തുകയാണ് സമിതി രുപീകരിച്ചതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ആഭ്യന്തര മന്ത്രി ജി.പരമേശ്വരയായിരിക്കും സമിതിയുടെ തലവൻ.
രണ്ട് മാസത്തിനുള്ളില്‍ പരിശോധന പൂർത്തിയാക്കാനാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിർദേശം. പാർലമെന്ററികാര്യമന്ത്രി എച്ച്.കെ പട്ടേല്‍, റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ, ഗ്രാമീണവികസന വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ, തൊഴില്‍ മന്ത്രി സന്തോഷ് ലാഡ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. നേരത്തെ ബി.ജെ.പി ഭരണകാലത്ത് 20 മുതല്‍ 25 വരെ അഴിമതികള്‍ നടന്നിരുന്നുവെന്ന് പരമേശ്വര പറഞ്ഞിരുന്നു. ഇതെല്ലാം പരിശോധിക്കുമെന്നും താനായിരിക്കും ഇതിന് വേണ്ടി മുൻകൈ എടുക്കുകയെന്നും പരമേശ്വര പറഞ്ഞിരുന്നു.
രണ്ട് മാസത്തിനുള്ളില്‍ അന്വേഷണ പുരോഗതി റിപ്പോർട്ട് പൂർത്തിയാക്കാനും നിർദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ മൈസൂരു വികസന അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസില്‍ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് അനുമതി നല്‍കിയിരുന്നു. തുടർന്ന് സിദ്ധരാമയ്യക്കെതിരെ കേസുമായി ബന്ധപ്പെട്ട തുടർ നടപടികള്‍ സ്വീകരിക്കരുതെന്നാണ് കോടതി നിർദേശം നല്‍കിയിരുന്നു.