ബംഗളൂരുവില്‍ നിന്ന് ബസില്‍ വന്നിറങ്ങിയ യുവാവിനെ കാറിലെത്തിയ മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയി മർദിച്ച് 9 ലക്ഷം രൂപ കൊള്ളയടിച്ചു.ഏച്ചൂർ കമാല്‍പീടിക കുയ്യല്‍ അമ്ബലറോഡ് സ്വദേശിയായ പി.പി. റഫീഖിനെയാണ് (44) തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ച ശേഷം ഉപേക്ഷിച്ചത്.സാരമായി പരിക്കേറ്റ റഫീഖിനെ കണ്ണൂർ എ .കെ .ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ബാങ്കില്‍ പണയം വച്ച ഭാര്യയുടെ സ്വർണം തിരിച്ചെടുക്കാനായി പലരില്‍ നിന്നും കടം വാങ്ങിയ പണമാണ് കൊള്ളയടിക്കപ്പെട്ടതെന്ന് റഫീഖിന്റെ ബന്ധുക്കള്‍ പറഞ്ഞു.
പുലർച്ചെ ബസിറങ്ങി നില്‍ക്കുമ്ബോള്‍ കാറില്‍ വന്നിറങ്ങിയ മുഖംമൂടി സംഘം ബലമായി കാറില്‍ കയറ്റുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. എതിർത്തപ്പോള്‍ കാലുകള്‍ വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം ബഹളം വച്ചപ്പോള്‍ വായ പൊത്തിപ്പിടിച്ച് തലയ്ക്കും നെഞ്ചത്തും മർദിക്കുകയും സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കൈക്ക് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നും റഫീഖ് വെളിപ്പെടുത്തി.
തുടർന്ന് പണമടങ്ങിയ ബാഗ് കൈക്കലാക്കിയശേഷം കാപ്പാട് റോഡരികില്‍ ഉപേക്ഷിച്ച് മുഖംമൂടി സംഘം രക്ഷപ്പെട്ടുവെന്നാണ് റഫീഖ് പൊലീസിന് നല്‍കിയ മൊഴി .റോഡരികില്‍ അർദ്ധ അബോധാവസ്ഥയില്‍ കണ്ടെത്തിയ റഫീഖിനെ പരിചയക്കാരനായ ഓട്ടോ ഡ്രൈവറാണ് വീട്ടിലെത്തിച്ചത്. ഇവിടെ നിന്നും വീട്ടുകാർ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചു.
സംഘത്തില്‍ നാലുപേർ:ബംഗളൂരുവില്‍ നിന്ന് പണവുമായി വരുന്നതിനെക്കുറിച്ച് കൃത്യമായി അറിയാവുന്നവരായിരിക്കാം കൊള്ളയ്ക്കു പിന്നിലെന്ന് സംശയിക്കുന്നു. പൊ ലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. വാഹനത്തില്‍ നാലുപേരാണുണ്ടായതെന്ന് റഫീക്ക് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പൊലീസ് പ്രദേശത്തെ സി സി ടി.വി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചിട്ടുണ്ട്.