ബെംഗളൂരു: ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 26കാരൻ പിടിയില്‍. കത്രികേനഹട്ടി സ്വദേശി ഒബയ്യ ആണ് പിടിയിലായത്.കർണാടകയിലെ വിജയനഗര ജില്ലയിലെ ടിപ്പെഹള്ളി-അബ്ബനഹള്ളിയില് വെള്ളിയാഴ്ചയായിരുന്നു സംഭവം. യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ശനിയാഴ്ച സഹോദരി പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ യുവതിയെ കണ്ടെത്തിയത്.
യുവതിക്ക് പരിചയമുള്ളയാളാണ് പ്രതി. ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കാട്ടിലെത്തിച്ച പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് കല്ലുകൊണ്ട് തലയ്ക്കടിച്ച് യുവതിയെ കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ പ്രതി യുവതിയെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിക്കാൻ ശ്രമിച്ചെങ്കിലും യുവതി വിസമ്മതിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.
ഡോഗ് സ്വാഡിനെ സ്ഥലത്തെത്തിച്ച് അന്വേഷണം നടത്തിയതിനെത്തുടർന്ന് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിതയുടെ 64, 103 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.