ബെംഗളൂരു കന്റോൺമെന്റ്– മധുര വന്ദേഭാരത് ട്രെയിൻ സർവീസ് 31ന് ആരംഭിക്കും. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. ഇതോടെ ബെംഗളൂരുവിൽ നിന്നുള്ള വന്ദേഭാരത് സർവീസുകളുടെ എണ്ണം ഏഴാകും. നേരത്തെ ബയ്യപ്പനഹള്ളി ടെർമിനലിൽ നിന്നാണ് സർവീസ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് കന്റോൺമെന്റിലേക്ക് മാറ്റുകയായിരുന്നു. ദിണ്ഡിഗല്ലിൽ സ്റ്റോപ്പുള്ളത് വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിലേക്ക് പോകുന്നവർക്കും സൗകര്യപ്രദമാകും.
ബെംഗളൂരു കന്റോൺമെന്റ്–മധുര വന്ദേഭാരത് (20672) ഉച്ചയ്ക്ക് 1.30നു ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 9.45നു മധുരയിലെത്തും. കെആർ പുരം (1.55), സേലം (4.50), നാമക്കൽ (5.38), കാരൂർ (5.58), തിരുച്ചിറപ്പള്ളി (7.20), ദിണ്ഡിഗൽ (9.08) എന്നിവിടങ്ങളിലാണ് സ്റ്റോപ്. മധുര –ബെംഗളൂരു കന്റോൺമെന്റ് (20671) പുലർച്ചെ 5.15നു മധുരയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1ന് ബെംഗളൂരുവിലെത്തും. ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടില്ല.
മൈസൂരു– ചെങ്കോട്ട സ്പെഷൽ :വിനായക ചതുർഥി തിരക്കിനോടനുബന്ധിച്ചു സെപ്റ്റംബർ 4നും 7നും മൈസൂരുവിൽ നിന്ന് ചെങ്കോട്ടയിലേക്ക് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. കൊല്ലം ജില്ലയിലെ പുനലൂർ, തെൻമല മേഖലയിലുള്ളവർക്കും ട്രെയിൻ ഉപകാരപ്രദമാകും. മൈസൂരു–ചെങ്കോട്ട സ്പെഷൽ (06241) രാത്രി 9.20നു മൈസൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം വൈകിട്ട് 4.50നു ചെങ്കോട്ടയിലെത്തും.
ബെംഗളൂരുവിൽ കെങ്കേരി, കെഎസ്ആർ ബെംഗളൂരു,കെആർപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്. ചെങ്കോട്ട–മൈസൂരു സ്പെഷൽ (06242) സെപ്റ്റംബർ 5നും 8നും രാത്രി 7.45നു ചെങ്കോട്ടയിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 2.20നു മൈസൂരുവിലെത്തും.
എറണാകുളം– ബെംഗളൂരു വന്ദേഭാരതിന് പാര: തിരുവനന്തപുരം ∙ എറണാകുളം – ബെംഗളൂരു വന്ദേഭാരത് സ്പെഷൽ സർവീസ് അവസാനിപ്പിച്ചതിനു പിന്നിൽ ദക്ഷിണ പശ്ചിമ റെയിൽവേയുടെ നിസ്സഹകരണമെന്ന് ആക്ഷേപം. ഓണക്കാലത്തു സർവീസ് മുടങ്ങുമ്പോൾ പ്രയോജനം കിട്ടുന്നതു സ്വകാര്യ ബസുകൾക്കാണ് . കേരളത്തിലേക്കുള്ള ബസ് നിരക്ക് ഓണത്തിനു മുൻപേ തന്നെ 3500 രൂപയ്ക്കു മുകളിൽ എത്തിയിട്ടുണ്ട്. തിരുവോണം അടുക്കുന്നതോടെ ഇത് ഇനിയും കൂടും.
31 മുതൽ മധുരയിൽ നിന്നുള്ള പുതിയ വന്ദേഭാരതിന് പ്ലാറ്റ്ഫോം നൽകണമെന്ന കാരണം പറഞ്ഞാണ് എറണാകുളം വന്ദേഭാരതിന്റെ സർവീസ് തുടരാത്തതത്രേ. മധുര – ബെംഗളൂരു വന്ദേഭാരത് ഉച്ചയ്ക്ക് ഒരു മണിക്ക് ബെംഗളൂരുവിൽ എത്തി ഒന്നരയ്ക്കു മടങ്ങും. എറണാകുളം വന്ദേഭാരത് രാത്രി 11.30ന് ബെംഗളൂരുവിൽ നിന്നു എറണാകുളത്തേക്ക് ഓടിക്കാമെങ്കിലും മെക്കാനിക്കൽ വിഭാഗം തടസ്സം നിൽക്കുന്നു. ഓണത്തിന് എറണാകുളം വന്ദേഭാരത് വേണ്ടെന്നു വയ്ക്കുന്നതിനെതിരെ കേരളത്തിൽ നിന്നുള്ള എംപിമാർ ഇടപെടണമെന്ന് കേരള – ബെംഗളൂരു ട്രെയിൻ യൂസേഴ്സ് ഫോറം ആവശ്യപ്പെട്ടു.