ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയില്‍ നടൻ ജയസൂര്യക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ജയസൂര്യക്കെതിരെ കേസെടുത്തത്.ഐപിസി 354, 354 A, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.സെക്രട്ടേറിയറ്റില്‍ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
സെക്രട്ടേറിയറ്റിലെ ശുചിമുറിയില്‍ വച്ച് ലൈംഗികമായി ആക്രമിച്ചെന്നാണ് എഫ്ഐആർ. കൊച്ചി സ്വദേശിയായ നടിയുടെ ഏഴു പരാതികളില്‍ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്. നടിയുടെ മൊഴി ഇന്നലെ പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ കേസെടുത്തത്.
നടിയുടെ ആലുവയിലെ വീട്ടിലെത്തിയാണ് പ്രത്യേകാന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഡി ഐ ജി അജിതാ ബീഗവും ജി പൂങ്കുഴലിയുമടക്കമുള്ളവരുടെ നേതൃത്വത്തില്‍ മൊഴിയെടുത്തത്. കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സെക്രട്ടേറിയറ്റും പരിസരവും. അതിനാലാണ് കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നടിയുടെ പരാതിയില്‍ ജയസൂര്യക്കു പിന്നാലെ മുകേഷ്, ഇടവേള ബാബു, മണിയൻ പിള്ള രാജു എന്നിവർക്കെതിരെയും പൊലീസ് ഇന്ന് കേസെടുത്തേക്കും.
ഹോട്ടലിന്റെ പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ പറഞ്ഞു; മുറിയിലെത്തിയപ്പോള്‍ വിവസ്ത്രനാക്കി പീഡിപ്പിച്ചു’: രഞ്ജിത്തിനെതിരെ പരാതിയുമായി യുവാവ്
സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവാവ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നല്കി.കോഴിക്കോട് മാങ്കാവ് സ്വദേശിയാണ് പരാതി നല്‍കിയത്. ബംഗളൂരുവിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി തന്നെ ഉപദ്രവിച്ചെന്നാണ് യുവാവിന്റെ പരാതി.ഡിജിപിക്കാണ് യുവാവ് പരാതി നല്‍കിയിരിക്കുന്നത്.2012ലാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. കോഴിക്കോട് ഒരു സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനാണ് പരാതിക്കാരന്.
മുന്‍പ് അദ്ദേഹം മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബംഗളൂരുവിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പരാതി. രഞ്ജിത്തിനെതിരെ നടപടിയെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് ഡിജിപിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.പ്ലസ്ടുവിന് പഠിക്കുമ്ബോള്‍ കോഴിക്കോട് വെച്ച് ‘ബാവുട്ടിയുടെ നാമത്തില്‍’ എന്ന സിനിമ ലൊക്കേഷനില്‍ വച്ചാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത് എന്ന് യുവാവ് പറയുന്നു.
അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്ബർ കുറിച്ചു തന്നുവെന്നും അതില്‍ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നുമാണ് യുവാവ് പറയുന്നത്. ബെംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിന് ശേഷം എത്താൻ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലില്‍ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ സംവിധായകൻ നിർദ്ദേശിച്ചു, മുറിയിലെത്തിയപ്പോള്‍ മദ്യം നല്കി കുടിക്കാൻ നിർബന്ധിച്ചു,
പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നും യുവാവ് ആരോപിക്കുന്നു. പിന്നീട് അവസരം കിട്ടാതായതോടെ താൻ മാനസികമായി തളർന്നെന്നും മലയാളത്തിലെ ഒരു പ്രശസ്ത നടിയോട് പരാതി പറഞ്ഞെങ്കിലും അവർ കാര്യമായെടുത്തില്ലെന്നും യുവാവ് പറയുന്നു’.മുന്‍പ് ഒരു ബംഗാളി നടിയും രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപണം ഉന്നയിച്ചിരുന്നു.
ആരോപണത്തിന് പിന്നാലെ വിവിധ മേഖലയില്‍ നിന്ന് പ്രതിഷേധം ശക്തമായതോടെ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജിവച്ചിരുന്നു. പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയ തന്റെ ദേഹത്ത് രഞ്ജിത്ത് മോശം ഉദ്ദേശത്തോടെ സ്പര്‍ശിച്ചെന്നായിരുന്നു ബംഗാളി നടിയുടെ വെളിപ്പെടുത്തല്‍.