Home Featured ബെംഗളൂരു വിമാനത്താവളത്തിനുള്ളില്‍ ട്രോളി ഓപ്പറേറ്ററെ കുത്തിക്കൊന്നു

ബെംഗളൂരു വിമാനത്താവളത്തിനുള്ളില്‍ ട്രോളി ഓപ്പറേറ്ററെ കുത്തിക്കൊന്നു

ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രോളി ഓപ്പറേറ്ററെ കുത്തിക്കൊന്നു. വിമാനത്താവളത്തിനുള്ളില്‍ വെച്ചാണ് കൊലപാതകം. ടെര്‍മിനല്‍ 1 ന്റെ പാര്‍ക്കിംഗ് ഏരിയയ്ക്ക് സമീപമാണ് സംഭവം. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് രാമകൃഷ്ണ എന്ന യുവാവിനെ ഒരാള്‍ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചത്. സംഭവത്തിന് തൊട്ടുപിന്നാലെ ദേവനഹള്ളി പോലീസ് പ്രതി രമേശിനെ കസ്റ്റഡിയിലെടുത്തു.പ്രാഥമിക അന്വേഷണത്തില്‍ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കരുതുന്നത്. രാമകൃഷ്ണയ്ക്ക് തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് രമേശ് സംശയിച്ചിരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

തങ്ങളുടെ ഗ്രാമത്തില്‍ വെച്ച് രാമകൃഷ്ണനെ ആക്രമിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു രമേശ്. എന്നാല്‍ രാമകൃഷ്ണ വിമാനത്താവളത്തില്‍ ജോലി ചെയ്യുന്നയാളാണെന്ന് പിന്നീട് കണ്ടെത്തി.ഇതോടെ ഇയാള്‍ ഇന്ന് വിമാനത്താവളത്തിലെത്തി രാമകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലക്കേസ് പ്രതിയായ രമേശ് വെട്ടുകത്തി കോളേജ് ബാഗിനുള്ളില്‍ കരുതി ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) ബസില്‍ ആണ് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്തത് എന്ന് ബെംഗളൂരു സിറ്റി നോര്‍ത്ത് ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

ബസില്‍ യാത്ര ചെയ്തിരുന്നതിനാല്‍ രമേശിന്റെ ബാഗ് സ്‌കാന്‍ ചെയ്തിരുന്നില്ല. ടെര്‍മിനല്‍ 1 ലെ (ലെയ്ന്‍ 1) അറൈവല്‍ പാര്‍ക്കിംഗ് ഏരിയയിലെ വാഷ്‌റൂമിന് സമീപമാണ് സംഭവം നടന്നതെന്ന് ഡിസിപി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് തന്നെ രാമകൃഷ്ണ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

രമേശും രാമകൃഷ്ണയും തുംകൂര്‍ ജില്ലയിലെ മധുഗിരി താലൂക്കില്‍ നിന്നുള്ളവരാണ്. ജോലിക്കിടെ രാമകൃഷ്ണയ്ക്ക് അടുത്തെത്തിയ രമേശ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ടെര്‍മിനലിന് സമീപത്തെ ശുചിമുറിക്ക് അടുത്തേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ യുവാവിനെ കുത്തിക്കൊന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group