യുവനടിയുടെ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ പൊലീസ് ബലാത്സംഗം, ഭീഷണി എന്നീ കുറ്റം ചുമത്തി കേസെടുത്തു.തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ്. 2016 ജനുവരിയില്‍ മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് നടിയെ ബലാത്സംഗം ചെയ്തു എന്നാണ് എഫ്‌ഐആര്‍. ഇന്നലെ വൈകുന്നേരമാണ് യുവനടി ഡിജിപിക്ക് ഇ മെയില്‍ വഴി പരാതി നല്‍കിയത്. ആ പരാതി ഉടന്‍ തന്നെ ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കുറ്റകൃത്യം നടന്നത് എന്നതു കണക്കിലെടുത്ത് ഈ പരാതി പ്രത്യേക അന്വേഷണ സംഘം മ്യൂസിയം പൊലീസിന് കൈമാറി.
തുടര്‍ന്നാണ് മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തത്.മ്യൂസിയം പൊലീസ് എടുത്ത കേസ് ഇന്നു തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ഈ കേസ് തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗം ആയിരിക്കും അന്വേഷിക്കുക. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നാണ് യുവനടി വെളിപ്പെടുത്തിയിരുന്നത്. യുവനടിയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സിദ്ദിഖിന്റെ പരാതിയും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
സിദ്ദിഖിനെതിരായ ബലാത്സംഗ കേസിനൊപ്പം, നടന്‍ യുവനടിക്കെതിരെ നല്‍കിയ പരാതിയും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. നേരത്തെ സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര നല്‍കിയ പരാതിയില്‍ കൊച്ചി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തുടര്‍ന്ന് ഈ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്തിട്ടുണ്ട്