പ്രമുഖ നടന്മാർക്കെതിരെ പീഡന ആരോപണവുമായി നടി മിനു . മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. അഡ്വ.ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവർക്കെതിരെയും ആരോപണമുണ്ട്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് മിനു പറയുന്നു.2013ലാണ് ദുരനുഭവം ഉണ്ടായത്. അഡ്ജസ്റ്റ്മെൻ്റിന് തയ്യാറല്ലാത്തതിനാൽ മലയാള സിനിമ മേഖല ഉപേക്ഷിക്കേണ്ടി വന്നു.
ഫേസ് ബുക്ക് പേജിലൂടെയാണ് നടി ആരോപണമുന്നയിച്ചിരിക്കുന്നത്. സിനിമയില്‍ തുടരാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉപദ്രവം അസഹനീയമായതോടെ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റാൻ താൻ നിർബന്ധിതയായി എന്നും മിനു പറയുന്നു. കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ അധിക്ഷേപത്തിനെതിരെ താന്‍ സംസാരിച്ചിരുന്നുവെന്നും ഫേസ്ബുക്കില്‍ കുറിച്ചു. തനിക്കുണ്ടായ മാനസികാഘാതത്തിനും വിഷമങ്ങള്‍ക്കും ഉത്തരവാദിയായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മിനു ആവശ്യപ്പെടുന്നു.
സിനിമയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്താൻ കൂടുതൽപേർ മുന്നോട്ടുവരണമെന്നു സർക്കാർ നിർദേശിച്ചതിനെ തുടർന്നാണ് എല്ലാം തുറന്നു പറയുന്നതെന്നും നടി പറഞ്ഞു.ആദ്യത്തെ ദുരനുഭവം 2008ലാണു ഉണ്ടായതെന്നു മിനു മാധ്യമങ്ങളോട് പറഞ്ഞു. ജയസൂര്യയുടെ ഭാഗത്തുനിന്നാണ് മോശമായ പെരുമാറ്റം ഉണ്ടായത്. സെക്രട്ടേറിയറ്റിലായിരുന്നു ഷൂട്ടിങ്.
റസ്റ്റ് റൂമിൽ പോയിട്ടുവന്നപ്പോൾ ജയസൂര്യ പുറകിൽനിന്നു കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്ലാറ്റിലേക്ക് വരാൻ ക്ഷണിച്ചു. പിന്നീട് ശല്യം ഉണ്ടായില്ല. ആരോടെങ്കിലും ഇക്കാര്യം പറയാൻ പേടിയായിരുന്നെന്നും നടി പറഞ്ഞു.2013 ആയപ്പോളേക്കും താൻ 6 സിനിമകളിൽ അഭിനയിച്ചു. 3 സിനിമയിൽ അഭിനയിച്ചാൽ അമ്മ സംഘടനയിൽ അംഗത്വം ലഭിക്കും. ഇടവേള ബാബുവിനെ ഫോണിൽ വിളിച്ചപ്പോൾ ഫോം പൂരിപ്പിക്കാൻ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു
ഫോം പൂരിപ്പിച്ചുകൊണ്ടു നിന്നപ്പോൾ ഇടവേള ബാബു കഴുത്തിൽ ചുംബിച്ചു. പെട്ടെന്ന് ഫ്ലാറ്റിൽനിന്നിറങ്ങി. അമ്മയിൽ അംഗത്വം കിട്ടിയില്ല. പിന്നീട് നടൻ മുകേഷ് ഫോണിൽ വിളിച്ചു മോശമായി സംസാരിച്ചു.നേരിട്ട് കണ്ടപ്പോഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാൻ ക്ഷണിച്ചു. മുകേഷിനോട് പിന്നീട് സംസാരിച്ചിട്ടില്ല. മണിയൻപിള്ള രാജുവും മോശമായി പെരുമാറി.ഒരുമിച്ച് വാഹനത്തിൽ സഞ്ചരിച്ചപ്പോൾ മോശമായി സംസാരിച്ചു. മുറിയുടെ വാതിലിൽ മുട്ടി. പ്രൊഡക്‌ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരും മോശമായി പെരുമാറി.
പിന്നീട് അമ്മയിൽനിന്ന് ഒരാൾ വിളിച്ച് ഇപ്പോൾ അംഗത്വം തരാൻ കഴിയില്ലെന്ന് അറിയിച്ചു. ഇതിനുശേഷം എല്ലാം മടുത്താണു ചെന്നൈയിലേക്കു പോയത്.